Flash News

കപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ച് അപകടം : ഡിജിഎസ് അന്വേഷണം തുടങ്ങി ; കപ്പലില്‍പരിശോധന നടത്തി



മട്ടാഞ്ചേരി: അംബര്‍ എല്‍ എന്ന വിദേശ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജിഎസ്) അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് കൊച്ചിന്‍ തുറമുഖത്തിന്റെ പരിധിയില്‍ തടഞ്ഞുവച്ചിരിക്കുന്ന കപ്പലില്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന—നടത്തി. ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ്, കോസ്റ്റല്‍ പോലിസ്, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കപ്പലിന്റെ രേഖകളും സുപ്രധാന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥ സംഘം ക്യാപ്റ്റനെയും മറ്റു കപ്പല്‍ ജീവനക്കാരെയും ചോദ്യംചെയ്തു. സംഭവത്തില്‍  കപ്പല്‍ ക്യാപ്റ്റനെതിരേ മനപ്പുര്‍വമല്ലാത്ത നരഹത്യയ്ക്കും മറ്റു കുറ്റങ്ങള്‍ക്കുമായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിനാവശ്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള പ്രാഥമിക നടപടിയായാണ് ഉദ്യോഗസ്ഥര്‍ കപ്പല്‍ പരിശോധന നടത്തിയത്. ബോട്ട് ഇടിച്ചുതകര്‍ത്തത് അംബര്‍ വിദേശകപ്പല്‍ തന്നെയാണോ; സംഭവം ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ അറിഞ്ഞിരുന്നോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനൊപ്പം രാജ്യാന്തര മര്‍ക്കന്റൈല്‍ മറൈന്‍ നിയമപ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുക; രേഖകള്‍ ഏറ്റെടുക്കുക തുടങ്ങിയ നടപടികളുമായാണ് കേന്ദ്ര-സംസ്ഥാന ഏജന്‍സി സംഘം കപ്പലില്‍ പരിശോധന നടത്തിയത്. കപ്പലിന്റെ റൂട്ട്മാപ്പ് വോയ്‌സ് റിക്കാര്‍ഡര്‍, ജിപിഎസ് അടക്കമുള്ള ഉപകരണങ്ങള്‍, യാത്രാരേഖകള്‍ എന്നിവ പരിശോധകസംഘം കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it