ernakulam local

കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ട് നീക്കം ചെയ്തു



മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ട് പൂര്‍ണമായും നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെ സ്വകാര്യ ഷിപ്പിങ് കമ്പനിയാണ് ബോട്ട് പൂര്‍ണമായും കപ്പല്‍ ചാലില്‍ നിന്ന് നീക്കിയത്. നേരത്തേ ബോട്ട് ഉയര്‍ത്തി മാറ്റാനുള്ള ശ്രമത്തിനിടയില്‍ എഞ്ചിനും പ്രൊപ്പല്ലറും അടര്‍ന്ന് പോന്നിരുന്നു. ബോട്ട് പൂര്‍ണമായും നീക്കിയതോടെ തുറമുഖത്തേക്കും പുറത്തേക്കുമുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായി. ബോട്ട് കപ്പല്‍ ചാലില്‍ മുങ്ങിയ ശേഷം വലിയ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല റിഫൈനറിയിലേക്കും മറ്റും എണ്ണയുമായി പോയിരുന്ന കപ്പലുകള്‍ ചരക്ക് കുറച്ച് കയറ്റി ഭാരം കുറച്ചാണ് കപ്പല്‍ ചാലിലൂടെ പോയിരുന്നത്. ബോട്ട് നീക്കിയതോടെ കഴിഞ്ഞ പതിനൊന്ന് ദിവസമായി തുറമുഖത്ത് നില നിന്നിരുന്ന പ്രതിസന്ധിക്ക് അറുതിയായി. കഴിഞ്ഞ പത്തൊമ്പതിനാണ് പുറം കടലില്‍ തകരാറിനെ തുടര്‍ന്ന് നിശ്ചലമായ നീതിമാന്‍ എന്ന മല്‍സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കെട്ടി വലിച്ച് കൊണ്ട് വരുന്നതിനിടെ അഴിമുത്തെ കപ്പല്‍ ചാലില്‍ മുങ്ങിയത്. ബോട്ട് മുങ്ങിയ ഇടം നേവിയും പോര്‍ട്ടും ചേര്‍ന്ന് കണ്ടെത്തിയെങ്കിലും ഇത് ഉയര്‍ത്തുന്നതിനുള്ള സാങ്കേതിക സംവിധാനം പോര്‍ട്ടിനില്ലാത്തതിനെ തുടര്‍ന്ന് ലോട്‌സ് എന്ന സ്വകാര്യ കമ്പനിക്ക് ഇതിനായുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇരുപത്തിയൊമ്പതര ലക്ഷം രൂപക്ക് കരാര്‍ എടുത്ത കമ്പനി ആറ് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് അഴിമുഖത്ത് കപ്പല്‍ ചാലില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്—തത്. പല തവണ ബോട്ട് ഉയര്‍ത്തി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പോര്‍ട്ട് അനുവദിച്ച സമയത്ത് ബോട്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. പതിനൊന്ന് ദിവസം കൊച്ചി തുറമുഖത്തിന്റെ സുഖമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ കോടികളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. സ്റ്റീമര്‍ ഏജന്റ്‌സിന് മാത്രം ഏകദേശം പതിനഞ്ച് കോടിയുടെ നഷ്ടം വന്നതായാണ് സൂചന. ഇതിലും ഇരട്ടി പോര്‍ട്ടിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. അതേസമയം നഷ്ടം സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ഈടാക്കാനാണ് തുറമുഖ ട്രസ്റ്റ് തീരുമാനം. ഇവരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് പോര്‍ട്ട് പറയുന്നത്. ഈ ആവശ്യം കാണിച്ച് പോര്‍ട്ട് ഫിഷറീസ് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. നഷ്ടം ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കുവാനും പോര്‍ട്ടിന് തീരുമാനമുണ്ട്.
Next Story

RELATED STORIES

Share it