കപ്പല്‍ശാലാ ജനറല്‍ മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി അഞ്ചുപേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പല്‍ശാലാ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡിപാര്‍ട്ട്‌മെന്റ്. സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി അനുമതിപത്രം നല്‍കിയാല്‍ മാത്രമേ പ്രസ്തുത സ്ഥലത്ത് ജോലിക്ക് ജീവനക്കാരെ നിയോഗിക്കാവൂ. ഇക്കാര്യത്തില്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചതായാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഡയറക്ടര്‍ പി പ്രമോദ് പറഞ്ഞു. അസറ്റ്‌ലിന്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന കപ്പലിന്റെ നാലാം ഡെക്ക് വഴിയാണ് അസറ്റ്‌ലിന്‍ ചോര്‍ന്നിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. സംഭവത്തിന് തലേദിവസം നാലാം ഡെക്കില്‍ അസറ്റ്‌ലിന്‍ വാതകം ഉപയോഗിച്ചുള്ള ജോലികള്‍ നടന്നിരുന്നു. ഇതിനുശേഷം വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിക്കാതിരുന്നതിനാല്‍ വാതകം കപ്പലിന്റെ ഒന്നും രണ്ടും മൂന്നും ഡെക്കുകളിലേക്ക് വ്യാപിച്ചിരിക്കാം. സംഭവദിവസം നടന്ന വെല്‍ഡിങ്ങിലെ തീപ്പൊരിയോ മറ്റേതെങ്കിലും സ്പാര്‍ക്കോ അപകടത്തിനു വഴിതെളിച്ചിരിക്കാമെന്നും അന്വേഷണ സംഘം പറയുന്നു.
കപ്പല്‍ശാലയിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും നല്‍കിയിട്ടില്ല. ഇതും അപകടത്തിനു കാരണമായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പ്രമോദ് പറഞ്ഞു. റിപോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് അനുവാദം കിട്ടുന്ന മുറയ്ക്കു മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ ഫെബ്രുവരി 13നാണ് പൊട്ടിത്തെറിയുണ്ടായത്.
Next Story

RELATED STORIES

Share it