Flash News

കപ്പലില്‍ പൊട്ടിത്തെറി, 5 മരണം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന എണ്ണപര്യവേക്ഷണ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരം. പൊട്ടിത്തെറിക്കു കാരണം വാതകച്ചോര്‍ച്ചയെന്ന് അധികൃതര്‍. സുരക്ഷാവീഴ്ചയാണ് അപകടത്തിനു വഴിതെളിച്ചതെന്നും സൂചന. സംഭവത്തെക്കുറിച്ച് കപ്പല്‍ശാലയിലെ ഉന്നത സമിതി അന്വേഷണം ആരംഭിച്ചു. മരിച്ച അഞ്ചുപേരില്‍ മൂന്നുപേരും കപ്പല്‍ശാലയിലെ അഗ്ന്‌നിശമന വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. സീനിയര്‍ ഫയര്‍മാന്‍ തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ്, സുവര്‍ണ നഗര്‍ ചെമ്പനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ (46), സേഫ്റ്റി അസിസ്റ്റന്റായ പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ജെവിന്‍ റെജി, കൊച്ചി തേവര മമ്മാജിമുക്ക് കുറപ്പശേരി പുത്തന്‍വീട്ടില്‍ കെ ബി ജയന്‍ (41), തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ എം വി കണ്ണന്‍ (42), എറണാകുളം വൈപ്പിന്‍ മാലിപ്പുറം പള്ളിപ്പറമ്പില്‍ വീട്ടില്‍ റംഷാദ് (22) എന്നിവരാണ് മരിച്ചത്. കപ്പല്‍ശാലയിലെ മെഷിനിസ്റ്റായ കൊല്ലം വാളകം പെരുമാനൂര്‍ ടി അഭിലാഷ്, എറണാകുളം ഉപ്പുകണ്ടം അയിരൂര്‍ പാടം പി ടി ശ്രീരൂപ്, തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശി ജെയ്‌സണ്‍ വര്‍ഗീസ്, മെഷിനിസ്റ്റായ കോട്ടയം കല്ലറ സ്വദേശി സഞ്ജു ജോസഫ്, ഉത്തര്‍പ്രദേശ് സ്വദേശി രാജന്‍ റാം, എറണാകുളം കൊങ്ങരപ്പള്ളി സ്വദേശി കെ കെ ടിന്റു, എറണാകുളം മുളവുകാട് സ്വദേശി പി എക്‌സ് ക്രിസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ശ്രീരൂപിന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തിന് 45 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. അഭിലാഷിനും ജെയ്‌സണ്‍ വര്‍ഗീസിനും സാരമായ പരിക്കുണ്ട്. കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന എണ്ണപര്യവേക്ഷണ കപ്പലില്‍ ഇന്നലെ രാവിലെ 9.15ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ശുദ്ധജല സംഭരണിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലായിരുന്നു സംഭവം. മരിച്ച അഞ്ചുപേരെയും ടാങ്കിനുള്ളില്‍നിന്നാണ് പുറത്തെടുത്തത്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് എസി കംപാര്‍ട്ട്‌മെന്റിനു സമീപത്തായി വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് മണം പരന്നിരുന്നു. ഇതേത്തുടര്‍ന്ന് സേഫ്റ്റി അസിസ്റ്റന്റായ ജയന്‍ സീനിയര്‍ ഫയര്‍മാനായ ഉണ്ണികൃഷ്ണനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ സൈറ്റിലെ ഫയര്‍മാന് വിവരം കൈമാറിയതിനുശേഷം ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുന്നതിനായി ടാങ്കിന്റെ സമീപത്തേക്ക് എത്തിയപ്പോഴേക്കും സ്‌ഫോടനം നടന്നുകഴിഞ്ഞിരുന്നുവെന്നാണ് കപ്പല്‍ശാലാ അധികൃതര്‍ പറയുന്നത്. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും കപ്പലിലും ടാങ്കിനുള്ളിലും പുക നിറഞ്ഞതിനാല്‍ നടപടികള്‍ ദുഷ്‌കരമായി. കപ്പലിന്റെ അടിത്തട്ടിലുള്ള ശുദ്ധജല സംഭരണിയിലെ പ്ലേറ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലിയാണ് നടന്നിരുന്നത്. അതിനാല്‍ ടാങ്കിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാനും സമയമെടുത്തു. ടാങ്കില്‍ നിന്നു പുറത്തേക്ക് ഗോവണി വഴിയേ ഇറങ്ങാനാകൂ. പരിക്കേറ്റ പലരും ഈ ഗോവണിയില്‍ പിടിച്ചു കിടക്കുകയായിരുന്നു. കപ്പല്‍ശാലയിലെ സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ പുറത്തെത്തിച്ചത്. രാവിലെ 11.30ഓടെയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. ഐജി വിജയ് സാഖറെ, കമ്മീഷണര്‍ എം പി ദിനേശ്, അസി. കലക്ടര്‍ ഈഷ പ്രിയ, എസിപി കെ ലാല്‍ജി എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റൂബിയാണ് ജെവിന്റെ ഭാര്യ. മൂന്നു വയസ്സുള്ള ജോഹാന്‍ ഏകമകനാണ്. സിന്ധുവാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ: മക്കള്‍ ആര്യ, ആതിര (ഇരുവരും വിദ്യാര്‍ഥികള്‍). കണ്ണന്റെ ഭാര്യ: മായ. മക്കള്‍: സഞ്ജന, സഞ്ജിത് (ഇരുവരും വിദ്യാര്‍ഥികള്‍). വിദ്യയാണ് കെ ബി ജയന്റെ ഭാര്യ. ഏകമകന്‍: പ്രവീണ്‍ (വിദ്യാര്‍ഥി). റംഷാദിന്റെ പിതാവ്: ശരീഫ്. മാതാവ്: റംല. സഹോദരി: ഷന്‍ഷീറ. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കൊച്ചി കപ്പല്‍ശാല നല്‍കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു. പരിക്കേറ്റവരുടെ ചികില്‍സാ ചെലവുകള്‍ കപ്പല്‍ശാല വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ഐസക് മരിച്ചവരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Next Story

RELATED STORIES

Share it