കപ്പലിടിച്ച് ബോട്ട് തകര്‍ന്നു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: അഴീക്കലില്‍നിന്നു മല്‍സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലിടിച്ചു തകര്‍ന്നു. മണിക്കൂറുകളോളം കടലില്‍ കുടുങ്ങിയ എട്ടു മല്‍സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയ ജീവനക്കാര്‍ രക്ഷിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. കന്യാകുമാരി, തിരുവനന്തപുരം സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണു തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചത്. ബോട്ടിന്റെ സ്രാങ്ക് കന്യാകുമാരി തുത്തൂരിലെ തദേശ്(49), തുത്തൂര്‍ കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ വില്‍സണ്‍(42), തിരുവനന്തപുരം പൊഴിയൂരിലെ അനില്‍(28), തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ വര്‍ഗീസ്(41), സില്‍വ(44), പ്രദീപന്‍(36), ജെറാള്‍ഡ്(52), പൊഴിയൂര്‍ സ്വദേശികളായ സുരേന്ദ്രന്‍(35) എന്നിവരാണു കടലില്‍ അകപ്പെട്ടത്. തദേശിനു തലയ്ക്കു പരിക്കുണ്ട്. മറ്റുള്ളവരെല്ലാം അവശരായതിനാല്‍ അഴീക്കല്‍ തീരദേശ പോലിസ് വഴി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ കോഴിക്കോടിനും വടകരയ്ക്കുമിടയിലാണ് അപകടമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സെന്റ് ആന്റണീസ് എന്ന പേരിലുള്ള ടിഎന്‍ 15 എംഎഫ്ബി 477 തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടിലാണ് കപ്പലിടിച്ചത്. ബോട്ട് പൂര്‍ണമായും തകരുകയും മുങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍, അപകടം വരുത്തിയ കപ്പല്‍ നിര്‍ത്താതെ പോയി.ഏതു രാജ്യത്തിന്റെ കപ്പലാണെന്നു തിരിച്ചറിയാനായിട്ടില്ല.
തകര്‍ന്ന ബോട്ടിന്റെ മരപ്പലകകളില്‍ പിടിച്ചുനിന്നാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. രാവിലെ ഒമ്പതോടെ ഇതുവഴിയെത്തിയ മറ്റൊരു മല്‍സ്യബന്ധന ബോട്ടിലെ ജീവനക്കാരാണ് തൊഴിലാളികളെ രക്ഷിച്ചത്. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും തൊഴിലാളികള്‍ക്കാവശ്യമായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് അധികൃതര്‍ തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാര്‍, തമിഴ്‌നാട് ഫിഷറീസ് മന്ത്രി, ഫിഷറീസ് സെക്രട്ടറി, കന്യാകുമാരി ജില്ലാ കലക്ടര്‍, കന്യാകുമാരി ഫിഷറീസ് അധികൃതര്‍ എന്നിവര്‍ക്കു പരാതി നല്‍കി.
Next Story

RELATED STORIES

Share it