Most commented

കപട സൂഫിസം മതമൂല്യങ്ങള്‍ക്കെതിര്: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: ഫാഷിസം ശക്തിപ്രാപിക്കുമ്പോള്‍ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്ന് പിറകോട്ടു പോവുന്ന കപട സൂഫിസം മനുഷ്യത്വത്തിന്റെ ശത്രുവും മതമൂല്യങ്ങള്‍ക്കെതിരുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ. നിരപരാധികളായ പച്ചമനുഷ്യരെ കൊല്ലുകയും ശബ്ദമുയര്‍ത്തേണ്ടവര്‍ നിശബ്ദരാവുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഇരയുടെ പക്ഷം നിന്ന് പോരാടലാണ് വിശ്വാസിയുടെ ധര്‍മം. ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന് പറഞ്ഞ് വൃദ്ധനെ തല്ലിക്കൊന്ന സംഘപരിവാര തീവ്രവാദികള്‍ ചന്തയിലേക്ക് പോത്തുകളുമായി പോയ കുടുംബനാഥനേയും നിഷ്‌കളങ്കനായ ബാലനെയും കൊന്ന് കെട്ടി തൂക്കുകയുണ്ടായി. ന്യൂനപക്ഷക്കാരന് ഇഷ്ടമുള്ളത് തിന്നാനും പറയാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ സ്വാതന്ത്ര്യത്തെ തട്ടിയുണര്‍ത്താനും അവശന്റെയും അത്താണിയില്ലാത്തവന്റെയും ആവലാധികള്‍ക്ക് ഉത്തരം ചെയ്യാനുമാണ് മതമൂല്യങ്ങള്‍ വിശ്വാസിയെ പഠിപ്പിക്കുന്നത്. പ്രതികരണ ശേഷിയുടെ ചൈതന്യം തുളുമ്പുന്ന കൗമാര-യൗവനങ്ങളെ നിഷ്‌ക്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാലകളെ സംഘപരിവാരം ലക്ഷ്യമിടുന്നത്. അലിഗഡ്, ജാമിഅ മില്ലിയ, ജെഎന്‍യു തുടങ്ങിയവയ്‌ക്കെതിരേയുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംസ്ഥാപനത്തിനായി നിലകൊള്ളാനും അതിനായി ഒരു നിമിഷം പോലും കണ്ണുചിമ്മാതെ ഉണര്‍ന്നിരിക്കാനും വിശ്വാസികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it