kannur local

കന്റോണ്‍മെന്റ് പരിധിയിലെ 35 കടകള്‍ ഒഴിപ്പിക്കാന്‍ തീരുമാനം

കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ഒഴിപ്പിക്കാനും ലേലം നടത്തി പുതിയ വാടക നിശ്ചയിക്കാനും കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തില്‍ തീരുമാനം. 35 കടകള്‍ ഒഴിയണമെന്ന കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമാന്‍ഡന്റ് അജയ് ശര്‍മയുടെ അധ്യക്ഷതയില്‍ ഇന്നലെ നിര്‍ണായക യോഗം ചേര്‍ന്നത്.
ബോര്‍ഡിലെ സിവിലിയന്‍ അംഗങ്ങളായ അഞ്ച് ജനപ്രതിനിധികള്‍ സിഇഒയുടെ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനം കൈക്കൊണ്ടത്. സൈനികരുടെ പ്രതിനിധികളായ അഞ്ചുപേര്‍ ലേലനിര്‍ദേശത്തെ അനുകൂലിച്ചപ്പോള്‍ സിവിലിയന്‍ അംഗങ്ങളായ അഞ്ചുപേര്‍ പ്രതികൂലമായി വോട്ടുചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് പ്രസിഡന്റിന് അധികമായി ചെയ്യാനാവുന്ന ഒരു വോട്ട് ചെയ്തുകൊണ്ട് 122 ഇന്‍ഫന്ററി ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫിസര്‍ കൂടിയായ കേണല്‍ അജയ് ശര്‍മ ലേലം വേണമെന്ന വാദത്തെ അനുകൂലിച്ചു. ഇതോടെയാണ് യോഗം അന്തിമതീരുമാനം പ്രഖ്യാപിച്ചത്. സൈന്യത്തെ പ്രതിനിധീകരിച്ച് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ അജയ് ശര്‍മ, കേണല്‍ രമണ, മിലിട്ടറി ആശുപത്രി കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്റ് കേണല്‍ ദേവ്, കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ വിഘ്‌നേശ്വര്‍, മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് വിഭാഗം ഓഫിസര്‍ എന്നിവരും ജനപ്രതിനിധികളായി കേണല്‍ പത്മനാഭന്‍, ആന്‍ഡ്രൂസ്, രതീഷ് ആന്റണി, ദീപ എന്നിവരും പങ്കെടുത്തു. കന്റോണ്‍മെന്റ് ബോര്‍ഡ് ഓഫിസിനു വെളിയില്‍ കടയുടമകള്‍ തടിച്ചുകൂടിയിരുന്നു.
യോഗതീരുമാനം അറിഞ്ഞതോടെ ഇവര്‍ നിരാശരായി. 27 വര്‍ഷമായി ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ജില്ലാ ആശുപത്രി പരിസരത്തെ 35 കടകള്‍ പ്രവര്‍ത്തിക്കുന്നത്. ലേലംചെയ്ത് ഉടമസ്ഥാവകാശം പുനര്‍നിര്‍ണയിക്കാന്‍ കന്റോണ്‍മെന്റ് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഏപ്രില്‍ രണ്ടിനകം ഒഴിഞ്ഞുപോവാന്‍ നിര്‍ദേശിച്ച് കച്ചവടക്കാര്‍ക്ക് നോട്ടീസും നല്‍കി. കച്ചവടാവകാശം ഏപ്രില്‍ രണ്ടിന് പരസ്യമായി ലേലം ചെയ്ത് നല്‍കുമെന്നും കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ചെറിയ കച്ചവടം ചെയ്ത് ഉപജീവനം കഴിക്കുന്ന തങ്ങളെ ഇറക്കിവിടരുതെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന് പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ചീഫ് എക്‌സിക്യുട്ടീവ് ഏകപക്ഷീയമായി ലേലം തീരുമാനിച്ചതാണെന്നാരോപിച്ച് ബോര്‍ഡിലെ സിവിലിയന്‍ അംഗങ്ങളും വൈസ് ചെയര്‍മാനും പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it