kannur local

കന്റോണ്‍മെന്റില്‍ കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം തള്ളി

കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം കന്റോണ്‍മെന്റ് പരിധിയിലെ 36 കച്ചവടക്കാരെ ഒഴിപ്പിക്കാനും കടമുറികള്‍ ലേലം ചെയ്യാനുമുള്ള പട്ടാളത്തിന്റെ തീരുമാനം അസാധുവായി. മന്ത്രിയും എംപിമാരും പങ്കെടുത്ത നിര്‍ണായക കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തില്‍ ലേലതീരുമാനം വോട്ടിനിട്ട് തള്ളി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ലേലം പ്രധാന അജണ്ടയായി നിശ്ചയിക്കാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് നടന്ന യോഗത്തില്‍ മന്ത്രിയും എംപിമാരും പങ്കെടുത്തിരുന്നില്ല. ഈ അവസരം മുതലെടുത്ത് ബോര്‍ഡിലെ സിവിലിയന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളി വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വോട്ടെടുപ്പില്‍ തുല്യനിലയായതിനെ തുടര്‍ന്ന് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഡിഎസ്‌സി കമാന്‍ഡന്റ് കേണല്‍ അജയ് ശര്‍മയുടെ കാസ്റ്റിങ് വോട്ടാണ് അന്നു നിര്‍ണായമായത്. ഇതിനെതിരേ പ്രതിഷേധവുമായി വ്യാപാരികളും തൊഴിലാളി സംഘടനകളും രംഗത്തുവരികയും കടമുറികള്‍ ഒഴിയാതെ ലേലനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സങ്കീര്‍ണമായതോടെയാണ് ഇന്നലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. 20 അജണ്ടകള്‍ ഉണ്ടായിരുന്ന യോഗത്തില്‍ ലേലനടപടികള്‍ ഉള്‍പ്പെടുത്തിയത് അവസാന അജണ്ടയായി. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് വിഷയം ആദ്യം പരിഗണിക്കണമെന്ന് മന്ത്രിയും എംപിമാരും ആവശ്യപ്പെട്ടു. ബോര്‍ഡിലെ ജനപ്രതിനിധികള്‍ ഇക്കാര്യം എഴുതി നല്‍കിയതോടെ അജണ്ട ആദ്യം ചര്‍ച്ചയ്‌ക്കെടുത്തു. ലേലനടപടികളില്‍ ഉറച്ചുനില്‍ക്കുന്നതായി കന്റോണ്‍മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കേണല്‍ അജയ് ശര്‍മ, കന്റോണ്‍മെന്റ് സിഇഒ ഡോ. വിനോദ് വിഘ്‌നേശ്വര്‍, സൈനികാശുപത്രി പ്രതിനിധി ലഫ്റ്റനന്റ് കേണല്‍ പ്രസിന്‍ജിത്ത് എന്നിവര്‍ വ്യക്തമാക്കി. എന്നാല്‍ കച്ചവടക്കാരെ ഒഴിപ്പിക്കാനാവില്ലെന്നും, വര്‍ഷങ്ങളായി പ്രദേശത്ത് കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നത് നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ തീരുമാനം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. 12 അംഗ ബോര്‍ഡ് അംഗങ്ങളില്‍ കന്റോണ്‍മെന്റിന്റെ മൂന്ന് പ്രതിനിധികളും ബോര്‍ഡിലെ ജനപ്രതിനിധികളായ അഞ്ചുപേരും ഉള്‍പ്പെടെ എട്ടുപേരാണ് എത്തിയിരുന്നത്.
കന്റോണ്‍മെന്റിലെ ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് കേണല്‍ പത്മനാഭന്‍, രതീഷ് ആന്റണി, വി ആന്‍ഡ്രൂസ്, ദീപ ബൈജു, ഷീബ ഫെര്‍ണാണ്ടസ് എന്നിവര്‍ ലേല തീരുമാനങ്ങള്‍ക്കെതിരേ വോട്ട് രേഖപ്പെടുത്തി. ഭൂരിപക്ഷ തീരുമാനം മാനിക്കണമെന്നും കന്റോണ്‍മെന്റ് മേഖലയിലെ ഭരണകാര്യങ്ങള്‍ കന്റോണ്‍മെന്റാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രിയും എംപിമാരും പറഞ്ഞു. ഇതോടെ ഫലം അംഗീകരിക്കാന്‍ കന്റോണ്‍മെന്റ് പ്രതിനിധികള്‍ തയ്യാറായി. യോഗതീരുമാനം എന്തെന്നറിയാന്‍ ആശങ്കയോടെ കച്ചവടക്കാരെല്ലാം ബോര്‍ഡ് ഓഫിസ് ഗേറ്റിന് വെൡയില്‍ കാത്തുനിന്നിരുന്നു. പിന്നീട് പുറത്തെത്തിയ ജനപ്രതിനിധികള്‍ വിവരം വിശദീകരിച്ചതോടെ വ്യാപാരികളും പ്രദേശവാസികളും ആഹ്ലാദം പ്രകടിപ്പിച്ചു. യോഗതീരുമാന പ്രകാരം കന്റോണ്‍മെന്റ് പരിധിയിലെ നിലവിലുള്ള കച്ചവടക്കാര്‍ക്ക് തുടരാം. ഒഴിപ്പിക്കുന്നതിനെതിരേ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ വിധി വന്നതിനു ശേഷമേ മറ്റു നടപടികള്‍ തീരുമാനിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it