കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കേണ്ടിവന്നതിന്റെ ഉത്തരവാദി സഭാനേതൃത്വം

കൊച്ചി: മിഷനറിസ് ഓഫ് ജീസസില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു കന്യാസ്ത്രീ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ ബലാല്‍സംഗത്തിന് പോലിസില്‍ പരാതി നല്‍കാനിടയാക്കിയ സാഹചര്യത്തിന് സഭാ നേതൃത്വം തന്നെയാണ് ഉത്തരവാദിയെന്ന് കന്യാസ്ത്രീക്കു വേണ്ടി സമരരംഗത്ത് ഉണ്ടായിരുന്ന സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ (എസ്ഒഎസ്) കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സഭയിലെ ഉന്നതര്‍ക്കെല്ലാം പരാതി നല്‍കി രണ്ടു വര്‍ഷം പിന്നിട്ടിട്ടും തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഒരു നടപടിയും സ്വീകരിക്കാതിരുന്നപ്പോഴാണ് കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കിയത്. സഭയ്ക്ക് പൊതുസമൂഹത്തിനു മുന്നില്‍ നേരിടേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥയ്ക്ക് സഭാനേതൃത്വം തന്നെയാണ് ഉത്തരവാദികള്‍ എന്നു വ്യക്തമാണ്. പിതാവിനു തുല്യം താന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് ഇത്തരം ഒരനുഭവം നേരിടുന്ന ഒരു സ്ത്രീയുടെ മനസ്സു കാണാന്‍ സഭ ഇപ്പോഴും ശ്രമിക്കുന്നില്ലെന്ന വസ്തുത നിരാശപ്പെടുത്തുന്നു. ക്രിസ്തുസന്ദേശങ്ങളെയോ വിശ്വാസപ്രമാണങ്ങളെയോ പുരോഹിതരെയോ ബിഷപ്പുമാരെയോ സഭയെയോ തരംതാഴ്ത്തിക്കാണിക്കുന്ന ഒന്നിനെയും എസ്ഒഎസ് അംഗീകരിക്കുന്നില്ല.
സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്തരം ഒരവസരം ഉണ്ടാക്കിയത് സഭാനേതൃത്വത്തിലെ തന്നെ ചിലരുടെ നിലപാടുകളാണ്. സ്വജീവിതം മുഴുവനായും ദൈവത്തിനും സഭയ്ക്കുമായി സമര്‍പ്പിച്ച സഹോദരിക്കൊപ്പമാണ് സഭയും വിശ്വാസികളും നില്‍ക്കേണ്ടത്. നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെ ന്യായീകരിക്കുക വഴി സഭയ്ക്കും വിശ്വാസികള്‍ക്കും അപമാനമുണ്ടാക്കാന്‍ സഭാനേതൃത്വം ശ്രമിക്കരുത്. നീതിക്കു വേണ്ടി തെരുവില്‍ സമരം ചെയ്യുന്ന പുരോഹിതരോ കന്യാസ്ത്രീകളോ അല്ല സഭയുടെ അന്തസ്സിന് ഹാനി വരുത്തുന്നത്. മറിച്ച്, സഭയ്ക്കകത്തെ അധികാരപ്രയോഗം വഴി അനീതി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനു കാരണമാകുന്നതെന്നും ഫാ. അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.

Next Story

RELATED STORIES

Share it