Flash News

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പിനെ സംരക്ഷിച്ച് വീണ്ടും ജലന്ധര്‍ രൂപത

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണമൊരുക്കി വീണ്ടും ജലന്ധര്‍ രൂപത രംഗത്ത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ബിഷപ്പിനെ ന്യായീകരിക്കുന്ന സമീപനമാണ് രൂപത നേതൃത്വം സ്വീകരിച്ചുപോന്നിരുന്നത്. ആരോപണവിധേയനായ വ്യക്തിയോട് വിശദീകരണം ചോദിക്കാന്‍പോലും സഭയുടെ ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ തയ്യാറായിരുന്നില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ചിലര്‍ സമീപിച്ചെന്ന കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണു വാര്‍ത്തകള്‍ നിഷേധിച്ചും ബിഷപ്പിന് പിന്തുണയുമായി ജലന്ധര്‍ രൂപത വീണ്ടും രംഗത്തെത്തിയത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗ പരാതി ഒതുക്കാന്‍ അഞ്ചുകോടി രൂപയും ഉന്നത പദവിയും വാഗ്ദാനംചെയ്‌തെന്നായിരുന്നു സഹോദരന്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.
എന്നാല്‍, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെറ്റായ പ്രചാരണങ്ങളാണ് ചിലര്‍ നടത്തുന്നതെന്ന് ജലന്ധര്‍ രൂപത ഔദ്യോഗിക വാര്‍ത്താക്കുറിപ്പി ല്‍ വ്യക്തമാക്കി. അത്തരത്തിലുള്ള യാതൊരു നീക്കവും ബിഷപ്പിന്റെയോ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ അടുപ്പക്കാരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആരോപണം പച്ചക്കള്ളമാണ്. സിറോ മലബാര്‍ സഭയിലെ വലിയപിതാവിനെതിരേ വരെ ബ്ലാക്‌മെയില്‍ ലക്ഷ്യത്തോടെ അങ്ങോട്ട് ഫോ ണ്‍ ചെയ്ത് ഓരോരോ കാര്യങ്ങള്‍ ചോദിക്കുകയാണ്. തനിക്കാവശ്യമുള്ള ഉത്തരം കിട്ടാത്തിടത്തൊക്കെ ആവര്‍ത്തിച്ച് ചോദിച്ച് റിക്കാര്‍ഡ് ചെയ്ത് തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നു. ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണു പുതിയ തന്ത്രവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും ഗൂഢലക്ഷ്യത്തോടുകൂടിയുള്ളതുമാണ്. തെറ്റായ വാര്‍ത്തകള്‍ ഉന്നയിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജലന്ധര്‍ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രൂപതയുടെ പിആര്‍ഒ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ പേരിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കായി വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it