കന്യാസ്ത്രീക്ക് പീഡനം: ജലന്ധര്‍ ബിഷപ്പിനെതിരേ കുരുക്ക് മുറുകുന്നുപരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്‌

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുരുക്ക് മുറുകുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പുറമേ കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനും സഭാനേതൃത്വത്തിനുമെതിരേ പരാതിയുമായി രംഗത്തെത്തി.
മിഷനറീസ് ഓഫ് ജീസസ് സന്ന്യാസസമൂഹത്തിന്റെ മദര്‍ ജനറലിനാണ് ഒരുവിഭാഗം കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്. പുരോഹിതന്‍ എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമാണ് ബിഷപ് ഫ്രാങ്കോ എന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. സന്ന്യാസസമൂഹത്തെ നശിപ്പിക്കാനാണ് ബിഷപ്പിന്റെ ശ്രമം. സഭാനേതൃത്വവും അതിനു കൂട്ടുനില്‍ക്കുന്നു. തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ ബിഷപ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്ന്യാസസഭയുടെ രക്ഷാധികാരിയെന്ന അധികാരം മാത്രമുള്ള ബിഷപ് കന്യാസ്ത്രീകളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്.
സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ബിഷപ്പിന്റെയും സഭാനേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആവുന്നതു വരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്ന്യാസസഭ മുങ്ങുന്ന കപ്പലാണ്. അതു മുക്കുന്നതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോയാണ്.
ബിഷപ്പിന്റെ താല്‍പര്യത്തിനു വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ് കാണുന്നതെന്നും ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തില്‍ പറയുന്നു.
മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാവട്ടെ ബിഷപ്പിനെതിരെയോ സഭാനേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍പോലും ആരുമില്ലെന്നാണു പറയുന്നത്. ബിഷപ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്കു മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്.
തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ് അടിച്ചമര്‍ത്തുന്നതുപോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ഥതയ്ക്കും അനീതിക്കും സഭാനേതൃത്വം കൂട്ടുനില്‍ക്കുന്നു. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീകളുടെയും പേരും അവര്‍ വിട്ടുപോവാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്.
ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്ന്യാസസഭ തന്നെ ഇല്ലാതാവുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ലൈംഗിക പീഡനത്തിനു പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കത്തുകളുടെ പകര്‍പ്പടക്കം കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിക്ക് തെളിവായി കൈമാറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it