കന്യാസ്ത്രീക്ക് പീഡനം; ആരോപണങ്ങള്‍ നിഷേധിച്ച് ബിഷപ്‌

കോട്ടയം: കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിശദീകരണവുമായി രംഗത്ത്. അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലിസ് നടത്തുന്നതിനിടെയാണ് ആദ്യമായി ബിഷപ് പരസ്യമായി പ്രതികരിക്കുന്നത്. താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു ശ്രമിക്കാത്തത് തെറ്റു ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുള്ളതിനാലാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ് വ്യക്തമാക്കി.
വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്നും ജലന്ധറില്‍ ഒളിച്ചുതാമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേരള പോലിസ് ഇതുവരെ തന്നെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറിലെത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയെന്നത് തന്റെ കൂടി ഉത്തരവാദിത്തമാണ്. ആരോപണം ഉന്നയിച്ച സിസ്റ്ററെക്കുറിച്ച് 2016ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം.
വൈദ്യപരിശോധനയുടെ ഫലം ആരോപണം ശരിവയ്ക്കുന്നതാണെന്നും ബിഷപ് പറയുന്നു. പീഡനം നടന്നെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25ാമത് പൗരോഹിത്യ ജൂബിലിയിലും 2016 നവംബറില്‍ തന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ എത്തിയിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നുവോ എന്ന് ബിഷപ് ചോദിച്ചു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ല. തനിക്കെതിരേ വധഭീഷണിയുണ്ടെന്നു കാണിച്ച് പഞ്ചാബിലും കേരളത്തിലും പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സിസ്റ്റര്‍മാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it