കന്യാസ്ത്രീകള്‍ക്ക് എതിരേ വീണ്ടും പി സി ജോര്‍ജ്

തിരുവനന്തപുരം: സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പി സി ജോര്‍ജ് എംഎല്‍എ. പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ക്കെതിരേ നേരത്തേ താന്‍ പറഞ്ഞതു ശരിയാണെന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോടെ ബോധ്യമായെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ പ്രളയാനന്തര കേരളം സംവാദപരിപാടിക്കിടെ വാര്‍ത്താലേഖകരുടെ ചോദ്യത്തിനു മറുപടിയായി ജോര്‍ജ് പറഞ്ഞു. മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇവര്‍ പീഡനപരാതിയുമായെത്തിയത്. മാലാഖമാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്കു മുന്നില്‍ പോയുള്ള ഇവരുടെ സമരം. ഈ ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിനെതിരേ തെളിവുണ്ടെങ്കില്‍ ഒരുനിമിഷത്തേക്ക് അവിടെ വച്ചിരിക്കരുത്. ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് തനിക്ക് സമന്‍സ് കിട്ടിയിട്ടില്ല. സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്നു വിളിക്കാനാവില്ല. കന്യകാത്വം നഷ്ടപ്പെട്ടെന്നു പറയുന്ന കന്യാസ്ത്രീ തിരുവസ്ത്രം ഊരണം. 21 വയസ്സ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാവില്ല. തന്നെ ശാസിക്കാന്‍ വന്ന സ്പീക്കര്‍മാര്‍ പിന്നെ സഭ കണ്ടിട്ടില്ല. ഇതിനു മുമ്പു തന്നെ ശാസിക്കാന്‍ വന്ന സ്പീക്കര്‍മാരാരും പിന്നീട് സഭ കണ്ടിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു. സ്പീക്കര്‍ക്ക് താന്‍ മറുപടി പറയുന്നില്ല. തനിക്കെതിരായ പരാതി പരിശോധിക്കുന്ന എത്തിക്‌സ് കമ്മിറ്റിയില്‍ താനും പങ്കെടുക്കും. തനിക്കെതിരേ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ട് പി കെ ശശിക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ലെന്നും ജോര്‍ജ് ചോദിച്ചു.
Next Story

RELATED STORIES

Share it