Flash News

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ തുടങ്ങിവച്ച സമരത്തിനു പൊതുജന പിന്തുണ ഏറുന്നു. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാന്‍ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ യുവതിയുടെ സഹപ്രവര്‍ത്തകരായ അഞ്ച് കന്യാസ്ത്രീകള്‍ സമരപ്പന്തലിലേക്ക് ശനിയാഴ്ച നേരിട്ടെത്തിയതോടെയാണ് സമരം പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയായത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ജാതി-മതഭേദമെന്യേ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച സമരം ആരംഭിച്ച ഘട്ടത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഭാരവാഹികളും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും മാത്രമായിരുന്നു സമരപ്പന്തലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ ഉച്ചയോടെ സമരപ്പന്തല്‍ നിറഞ്ഞുകവിഞ്ഞു. 25ഓളം കന്യാസ്ത്രീകളും 15ഓളം വൈദികരും ഇന്നലെ സമരപ്പന്തലിലെത്തി. ഇവരെ കൂടാതെ ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍പാഷ, സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍, പി ടി തോമസ് എംഎല്‍എ അടക്കമുള്ളവരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) അടക്കമുള്ള വിവിധ സംഘടനകളും പൊതുജനങ്ങളും ഇന്നലെ സമരം നടക്കുന്ന വേദിയിലേക്കെത്തി. പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ പി സി ജോര്‍ജ് എംഎല്‍എയുടെ കോലം സമരക്കാര്‍ കത്തിച്ചു. നിലവില്‍ കന്യാസ്ത്രീക്ക് നീതി തേടി സംസ്ഥാനത്ത് കൊച്ചിയില്‍ മാത്രമാണ് സമരം നടക്കുന്നത്. വരുംദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കും വിശ്വാസികളുടെ പിന്തുണയോടെ സമരം വ്യാപിപ്പിക്കാനാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും മറ്റ് സന്നദ്ധ സംഘടനകളും തീരുമാനിച്ചിരിക്കുന്നത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള ഒരാളൊഴിച്ച് മറ്റു നാലു സ്ത്രീകളും ഇന്നലെയും സമരപ്പന്തലിലെത്തി. പീഡനത്തിനിരയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കേണ്ടിവന്നതിനാലാണ് ഒരാള്‍ വരാതിരുന്നത്. വിഷയത്തില്‍ നീതി കിട്ടും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഇവര്‍.

Next Story

RELATED STORIES

Share it