കന്യാസ്ത്രീകളുടെ സമരം പിന്തുണയുമായി സാംസ്‌കാരിക ലോകം

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി സാംസ്‌കാരിക ലോകം. സമരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരാണ് സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇവര്‍ക്കു പുറമേ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സമരപ്പന്തലിലെത്തി. വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെ പ്രതിനിധീകരിച്ച് നടി റിമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും സമരപ്പന്തലില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും തയ്യാറാവണമെന്നു റിമാ കല്ലിങ്കല്‍ പറഞ്ഞു. ഇത്രയും ഗൗരവമേറിയ വിഷയം സമൂഹത്തില്‍ ചര്‍ച്ചയാവുമ്പോഴും യുവജന സംഘടനകള്‍ തുടരുന്ന മൗനം ഏറെ അപകടകരമെന്ന് ആഷിക് അബു പറഞ്ഞു.
പ്രശസ്ത ഗായകന്‍ ഷഹ്ബാസ് അമന്‍ സമരപ്പന്തലിലെത്തി പാട്ടുപാടിയാണ് പിന്തുണ പ്രഖ്യാപിച്ചത്. സഹനത്തിന്റെ സ്വരൂപമായ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ സമൂഹം ബാധ്യസ്ഥരാണെന്നു ഗായകനും സംഗീത സംവിധായകനുമായ ബിജിപാല്‍ പറഞ്ഞു. സിപിഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സും സമരപ്പന്തലിലെത്തിയിരുന്നു. സംസ്ഥാന പോലിസ് സേനയും ഡിജിപിയും കന്യാസ്ത്രീയുടെ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് എം എം ലോറന്‍സ് പറഞ്ഞു. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, ആര്‍എംപി നേതാവ് കെ കെ രമ, ചലച്ചിത്ര സംവിധായകന്‍ ആലപ്പി അഷ്‌റഫ്, ശ്രേയംസ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, വിഎസ് സര്‍ക്കാരിന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു, രാഷ്ട്രീയ നിരീക്ഷകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുനില്‍ പി ഇളയിടം, ശാരദക്കുട്ടി ടീച്ചര്‍, കല്‍പറ്റ നാരായണന്‍, എം വി ബെന്നി തുടങ്ങിയവരും സമരപ്പന്തലിലെത്തി സംസാരിച്ചു. അഭിവാദ്യമര്‍പ്പിച്ചെത്തിയ കെഎസ്‌യു ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സമരപ്പന്തലിനു സമീപം പി സി ജോര്‍ജ് എംഎല്‍എയുടെ കോലം കത്തിച്ചു.
Next Story

RELATED STORIES

Share it