കന്യാസ്ത്രീകളുടെ സമരം ഐതിഹാസികമെന്ന് സിസ്റ്റര്‍ ജെസ്മി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ ആരംഭിച്ച സമരത്തിന് പിന്തുണയുമായി സഭയ്ക്കുള്ളിലെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയെത്തി. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ലോക ചരിത്രം തിരുത്തിക്കുറിക്കുമെന്നു സിസ്റ്റര്‍ ജെസ്മി പറഞ്ഞു. ലോകത്ത് നിരവധി കന്യാസ്ത്രീകളുണ്ടെങ്കിലും ഇത്തരമൊരു പ്രക്ഷോഭം തുടങ്ങാന്‍ മലയാളികള്‍ തന്നെ വേണ്ടിവന്നതായും ജെസ്മി പറഞ്ഞു.
പതിന്‍മടങ്ങ് ധീരതയാണ് ഇവര്‍ പ്രകടിപ്പിച്ചത്. കന്യാസ്ത്രീകള്‍ പരാതിയില്‍ നിന്നു പിന്മാറുമെന്ന് ഒരു ഘട്ടത്തില്‍ ഭയന്നിരുന്നു. 'മീ ടു' കാംപയിനുശേഷം ഇപ്പോള്‍ നടക്കുന്നത് 'വി ടു' കാംപയിനാണെന്നും കന്യാസ്ത്രീകളുടെ സമരം വിജയം കാണുമെന്നും ജെസ്മി പറഞ്ഞു.
ബിഷപ്പിനെ സംരക്ഷിക്കുന്ന നയം പിന്തുടരുന്ന ഭരണകൂടം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നു യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ഡാര്‍ളി എടപ്പങ്ങാട്ടില്‍ പറഞ്ഞു. എല്ലാ ക്രൈസ്തവ സഭകളും കണ്ണുതുറന്നു കാണേണ്ടതാണ് കന്യാസ്ത്രീകളുടെ സമരമെന്നു യാക്കോബായ സഭയിലെ ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ പറഞ്ഞു.

Next Story

RELATED STORIES

Share it