കന്യാസ്ത്രീകളുടെ സമരം ഇനി ചരിത്രത്തിന്റെ ഭാഗം

കൊച്ചി: ബിഷപ് ബലാല്‍സംഗം ചെയ്ത കന്യാസ്ത്രീക്ക് നീതിതേടി സഹപ്രവര്‍ത്തകരായ അഞ്ചു കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തിയ സമരത്തിന്റെ വിജയം ചരിത്രത്തിന്റെ ഭാഗം. സഭാനേതൃത്വത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതായതോടെ തങ്ങളുടെ സഹപ്രവര്‍ത്തകയായ കന്യാസ്ത്രീക്ക് നീതികിട്ടാന്‍ ഒടുവില്‍ അഞ്ചു കന്യാസ്ത്രീകള്‍ ഈ മാസം 8 മുതലാണ് ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ പന്തല്‍കെട്ടി സമരം ആരംഭിച്ചത്.
15 ദിവസത്തിനൊടുവില്‍ അവര്‍ എന്താണോ ആവശ്യപ്പെട്ടത് അതു സമരത്തിലൂടെ കൈവരിക്കുന്ന കാഴ്ചയാണു കണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുടെയും വരാപ്പുഴ അതിരൂപതയുടെയും ആസ്ഥാനങ്ങള്‍ക്ക് നടുവിലാണ് വഞ്ചി സ്‌ക്വയര്‍. എന്നിട്ടും സമരപ്പന്തലിലേക്ക് വിരലിലെണ്ണാവുന്ന വൈദികര്‍ അല്ലാതെ മറ്റു വൈദികരോ ബിഷപ്പുമാരോ സന്ന്യാസിനികളോ ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കിയില്ലെന്നു മാത്രമല്ല, കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) സമരത്തെ തള്ളിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു.
സഭയുടെ വോട്ട് ബാങ്കില്‍ ഭയപ്പെട്ട മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവിടെയും ഇവിടെയും തൊടാത്ത നിലപാടാണു സ്വീകരിച്ചത്. എന്നാല്‍, സഭാനേതൃത്വം തള്ളിപ്പറഞ്ഞ കന്യാസ്ത്രീകളുടെ ചരിത്രസമരത്തെ പൊതുസമൂഹം ഏറ്റെടുക്കുന്ന കാഴ്്ചയ്ക്കാണ് പിന്നീട് കേരളം സാക്ഷ്യംവഹിച്ചത്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പിന്തുണയോടെയാണ് ആദ്യം സമരം തുടങ്ങിയതെങ്കിലും പിന്നീട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വത്തില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് എന്ന പേരില്‍ സമരസമിതി രൂപീകരിച്ച് സമരത്തിന്റെ ശക്തികൂട്ടി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ദിനംപ്രതി സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്. ബിഷപ് ഫ്രാങ്കോയെ അറസ്്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് കന്യാസ്ത്രീകളും സമരസമിതിയും പ്രഖ്യാപിച്ചതോടെ സമ്മര്‍ദത്തിലായ സര്‍ക്കാരിനും അന്വേഷണസംഘത്തിനും അന്വേഷണം വേഗത്തിലാക്കേണ്ടിവന്നു. ഒടുവില്‍ ഈ മാസം 19ന് ഹാജരാവണമെന്നാവശ്യപ്പെട്ട്് അന്വേഷണസംഘം ബിഷപ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കുകയും ഫ്രാങ്കോ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുകയുമായിരുന്നു. തെളിവുകള്‍ എതിരായിട്ടുപോലും തന്റെ അധികാരവും സ്വാധീനവും തുണയാവുമെന്നായിരുന്നു ഫ്രാങ്കോ കരുതിയിരുന്നത്. എന്നാല്‍ ഒടുവില്‍ അഴിക്കുള്ളിലായി.
ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് കഴിഞ്ഞ 15 ദിവസം സമരസമിതി നടത്തിയ സമരത്തിന്റെ വിജയമായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ഒരു ബിഷപ്പിനെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്ത് ജയിലിലാക്കുന്നത് ഒരുപക്ഷേ ലോകത്തു തന്നെ ആദ്യമായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെയെത്തുന്നതുവരെ മറ്റ് ആശ്രയങ്ങളൊന്നുമില്ലായിരുന്നു തങ്ങള്‍ക്ക്. കര്‍ത്താവ് കൂടെയുണ്ടാവുമെന്ന ഉറപ്പും തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു ലഭിച്ച ആത്മവിശ്വാസവും മാത്രമാണ് കൈമുതലായുണ്ടായിരുന്നതെന്ന് സമരത്തില്‍ പങ്കെടുത്ത അഞ്ചു കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. കേസിന്റെ നിലവിലെ സ്ഥിതിയില്‍ സന്തോഷമുണ്ട്. പക്ഷേ, ഇതുകൊണ്ട് ഒന്നുമാവുന്നില്ലെന്നും ഫ്രാങ്കോ ജാമ്യത്തിലിറങ്ങിയാല്‍ തങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്നും പീഡനത്തിനിരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. അതുകൊണ്ട് കരുതിയിരിക്കേണ്ട സമയമാണിപ്പോള്‍. നേരിട്ടു ഭീഷണികളില്ലെങ്കിലും എന്തും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ തങ്ങള്‍ക്കു നേരെ പ്രതികാര നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, അത് ഏതു ഭാഗത്തുനിന്നു വരുമെന്നറിയില്ലെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it