കന്യാകുമാരിയില്‍ കനത്ത പ്രതിഷേധം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും പ്രതിഷേധം കത്തുന്നു. കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി കന്യാകുമാരിയില്‍ നാട്ടുകാര്‍ റോഡ്, റെയില്‍ ഉപരോധ സമരം തുടങ്ങി. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുഴിത്തുറയില്‍ 5000ഓളം പേര്‍ ദേശീയപാതയും റെയില്‍വേ സ്‌റ്റേഷനും രാത്രി വൈകിയും ഉപരോധിക്കുകയാണ്. 1013 തൊഴിലാളികളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ചിന്നതുറ, കിഴക്കേ കൊല്ലംകോട്, വള്ളവിള, കുളച്ചല്‍, തിരക്കട, മണ്ഡക്കാട് പ്രദേശവാസികളാണ് സമരം നടത്തുന്നത്. ഇതോടെ തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയും ട്രെയിന്‍ ഗതാഗതവും പൂര്‍ണമായി തടസ്സപ്പെട്ടു. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു എന്നിവ റദ്ദാക്കി. ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കൊല്ലം-കന്യാകുമാരി മെമു, നാഗര്‍കോയില്‍-കോട്ടയം പാസഞ്ചര്‍ എന്നിവ ഭാഗികമായി റദ്ദാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടെത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. അതിനിടെ, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 57 മല്‍സ്യത്തൊഴിലാളികളെ കൂടി ഇന്നലെ രക്ഷപ്പെടുത്തി. ചുഴലിക്കാറ്റില്‍ ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ പെട്ടുപോയ 42 മല്‍സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേനയും 15 പേരെ ലക്ഷദ്വീപിലെ പടിഞ്ഞാറു ഭാഗത്തെ പുറംകടലില്‍ നിന്നു വ്യോമസേനയുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച ആറു പേരുടെ മൃതദേഹങ്ങളും തിരച്ചിലിനിടയില്‍ ലഭിച്ചു. ആലപ്പുഴയ്ക്കും കൊച്ചിക്കുമിടയിലായിരുന്നു രണ്ടു മൃതദേഹങ്ങള്‍. വിഴിഞ്ഞത്ത് രണ്ടും ഒരാളുടെ മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലിലും ഒരാളുടേത് ചേറ്റുവ തീരത്തു നിന്നുമാണ് ലഭിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി.
Next Story

RELATED STORIES

Share it