Flash News

കന്നുകാലി വില്‍പന നിരോധനം : ന്യായീകരിച്ച് സര്‍ക്കാര്‍ ; ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്



ന്യൂഡല്‍ഹി: കശാപ്പുശാലകള്‍ക്ക് മാടുകളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം വിവാദത്തിലായിരിക്കെ അതിനെ ന്യായീകരിച്ചു കേന്ദ്രസര്‍ക്കാര്‍. മൃഗങ്ങളോടുള്ള ക്രൂരത തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് കശാപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. സുപ്രിംകോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങളുടെയും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതു സംബന്ധിച്ച് പഠിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നത്. ഈ മാസം 23നാണ് പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, മാട്ടിറച്ചി സംബന്ധിച്ച വിവാദത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കോണ്‍ഗ്രസ് രംഗത്ത്. മാട്ടിറച്ചി വിവാദം പ്രതിപക്ഷമല്ല ബിജെപിയാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് മീം അഫ്‌സല്‍ പ്രതികരിച്ചു. ഗോവധ നിരോധനം ഗോവയിലും മണിപ്പൂരിലും ഉള്‍പ്പെടെ പൂര്‍ണമായി നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. പലതവണ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഈയാവശ്യം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. തങ്ങള്‍ ബീഫ് കഴിക്കുന്നവരാണെന്ന് നിരവധി ബിജെപി നേതാക്കള്‍ സമ്മതിച്ചിട്ടുമുണ്ട്. ഇതൊക്കെ രാഷ്ട്രീയമല്ലേയെന്നും മീം അഫ്‌സല്‍ ചോദിച്ചു. അതേസമയം, പുതിയ നിയമം ബംഗ്ലാദേശിലേക്കുള്ള നിയമവിരുദ്ധ കാലിക്കടത്ത് തടയാന്‍ സഹായകരമാവുമെന്ന് ബിജെപി മേഘാലയ ഘടകം അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ദോ പറഞ്ഞു. കശാപ്പ് നിരോധനത്തെ എതിര്‍ത്ത് ഡിഎംകെ, സിപിഐ, ഇന്ത്യന്‍ നാഷനല്‍ ലീഗ്, വിടുതലൈ ചിരുതൈകല്‍, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളും രംഗത്തുവന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അപലപിക്കുന്നതായി ഈ കക്ഷികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it