Flash News

കന്നുകാലി കശാപ്പ് നിരോധനം ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ഇറച്ചി ആവശ്യത്തിനായി കന്നുകാലികളെ വി ല്‍ക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച ഉത്തരവ് വനം-പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിനു സമര്‍പ്പിച്ചു. വിവിധ കാരണങ്ങളാല്‍ വിജ്ഞാപനം പിന്‍വലിക്കുകയാണെന്നാണ് പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിനയച്ച കത്തില്‍ പറയുന്നതെന്നാണ് വനം-പരിസ്ഥിതി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പിന്‍വലിച്ച വിജ്ഞാപനത്തിനു പകരം കന്നുകാലി കശാപ്പ് സംബന്ധിച്ച പുതിയ നിയമം വരുമെന്നും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കര്‍ഷകരുടെയും മൃഗസംരക്ഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണു കേന്ദ്രം നിലപാട് മാറ്റുന്നതെന്നാണു സൂചന. ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണു വാര്‍ത്തകള്‍. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായി ബലിയറുക്കുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. കേരളം, പശ്ചിമബംഗാള്‍, കര്‍ണാടക പോലുള്ള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വിജ്ഞാപനത്തെ ശക്തമായി എതിര്‍ത്തു.  മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉള്‍ പ്പെടെ വിജ്ഞാപനത്തിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഒന്നിലധികം ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി ജൂലൈയില്‍ വിജ്ഞാപനം റദ്ദാക്കി. ഇതോടെ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജ്ഞാപനം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
Next Story

RELATED STORIES

Share it