ernakulam local

കന്നുകാലി കശാപ്പ് നിരോധനം : എല്‍ഡിഎഫ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി



കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കന്നുകാലി കശാപ്പുനിയമത്തിലെ ചട്ട ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ എറണാകുളം ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക്  മാര്‍ച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കന്നുകാലി കശാപ്പിനെതിരേയുള്ള ചട്ട ഭേദഗതി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവധം നിരോധിക്കുന്നതിന് സര്‍ക്കാരിന് അധികാരം ഉണ്ട്. എന്നാല്‍ ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫ് ഉപയോഗം ഭക്ഷണത്തിനു മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തിന് മാംസാഹാരം ആവശ്യമാണ്. കശാപ്പു ചെയ്യുന്ന കന്നുകാലികളുടെ 40  ശതമാനത്തോളം മാത്രമാണ് ഭക്ഷണത്തിന്  ഉപയോഗിക്കുന്നത്. ബാക്കി മറ്റു വിവിധ അസംസ്‌കൃത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുവാനാണ് എടുക്കുന്നത്. പുതിയ  ചട്ട ഭേദഗതിയിലൂടെ ഇതെല്ലം നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. മോഡി ഭരണത്തിലെ ജനവിരുദ്ധ ഫാഷിസ്റ്റു നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കശാപ്പു നിയമ ചട്ട ഭേദഗതികളെന്നും ഇത് തിരുത്താന്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും രാജീവ് ആവശ്യപ്പെട്ടു. സിപിഐ ജില്ലാ അസി. സെക്രട്ടറി കെ എം ദിനകരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കമല സദാനന്ദന്‍, സംസ്ഥാന കമ്മിറ്റി മെംബര്‍ കെ കെ അഷ്‌റഫ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ , എന്‍സിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുള്‍ അസീസ്, ജനതദള്‍ എസ് ജില്ലാ സെക്രട്ടറി കുമ്പളം രവി, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍വീട്ടില്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ ജയരാജ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ഇ കെ മുരളീധരന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നജീബ് സംസാരിച്ചു. കാനന്‍ഷെഡ് റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എല്‍ഡിഎഫ് നേതാക്കളായ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, എം പത്രോസ്, എം ടി നിക്‌സണ്‍, സി വി ശശി, ടി സി സഞ്ജിത്, എം പി രാധാകൃഷ്!ണന്‍, പി എന്‍ സീനുലാല്‍, പി ജെ കുഞ്ഞുമോന്‍ , കെ ജെ ബെയ്‌സല്‍, എന്‍ ഐ പൗലോസ്, എം എബ്രഹാം , മനോജ് പെരുമ്പിള്ളി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it