kasaragod local

കന്നുകാലി കശാപ്പ് നിരോധനം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: കാനം



കാഞ്ഞങ്ങാട്: ഇന്ത്യയില്‍ കന്നുകാലി കശാപ്പിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയിലെ വന്‍കിട മാംസ കയറ്റുമതി സ്ഥാപനങ്ങള്‍ ബിജെപി നേതാക്കളുടേതാണ്. ഇവരുടെ താല്‍പര്യത്തിന് വേണ്ടിയാണ് രാജ്യത്ത് കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രോഗമുള്ളതോ ഗര്‍ഭിണിയായതോ ആയ പശുക്കളെ കശാപ്പുചെയ്യുന്നതിന് രാജ്യത്ത് നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണ്. അംഗീകൃത കശാപ്പുശാലകളില്‍ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ചാല്‍ മാത്രമേ കശാപ്പു നടത്താവു എന്ന ചട്ടം നിലവിലുണ്ട്. ഇന്ത്യയില്‍ മാംസം കഴിക്കുന്നവര്‍ ന്യൂനപക്ഷമല്ല, ഭൂരിപക്ഷമാണ്. കശാപ്പു നിരോധനം ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തിലൂടെ കശാപ്പുനിരോധനത്തിന്റെ പേരില്‍ മാംസം വില്‍പന വന്‍കിടക്കാരുടെ കുത്തകയാകും. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലം എടുത്ത് കന്നുകാലി ഫാം തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രമേ സാധിക്കു. നിരോധനത്തിലൂടെ ചെറുകിട വ്യാപാരികളെയും കര്‍ഷകരെയും ഈ രംഗത്ത് നിന്ന് ആട്ടിയോടിക്കുക എന്നതാണ് ലക്ഷ്യം. ജിഎസ്ടിയുടെ പേരില്‍ രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കുന്ന മോഡി സര്‍ക്കാര്‍ കന്നുകാലികള്‍ക്ക് മാത്രം രണ്ട് നീതി ഏര്‍പ്പെടുത്തുന്നതിന് എന്ത് നീതീകരണമാണുള്ളത്. മൂന്ന് വര്‍ഷം ഭരണത്തിലിരുന്ന മോഡി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സാമ്പത്തിക വളര്‍ച്ച പിന്നോട്ട് പോവുകയും തൊഴില്‍ നല്‍കാനാവാത്ത വരുകയും ചെയ്തപ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. മദ്യ നയത്തെ കുറിച്ച് എല്‍ഡിഎഫിന് പ്രഖ്യാപിത ലക്ഷ്യമുണ്ടെന്നും നാളെ മുതല്‍ ഇതിന്റെ ചര്‍ച്ച ആരംഭിക്കുമെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.  മുന്നാല്‍ കയ്യേറ്റ വിഷയത്തില്‍ കയ്യേറ്റം ഒഴിപ്പിക്കുക എന്ന നയം മാത്രമേ എല്‍ഡിഎഫിനുള്ളു. ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it