Flash News

കന്നുകാലി കശാപ്പ്‌ : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി



ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. മെയ് 23നു പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചാണു കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞത്. സംസ്ഥാനങ്ങള്‍ അവരുടെ അഭിപ്രായം കേന്ദ്രത്തിന് എഴുതിഅയക്കണം. ഈ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് കരട് വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്.രാജ്യവ്യാപകമായി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനു മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കശാപ്പിനായി ഇനി മുതല്‍ പശുക്കളെ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു പുതിയ വിജ്ഞാപനം. പശുക്കളെ കൈമാറേണ്ടതു ക്ഷീരകര്‍ഷകര്‍ക്ക് ആയിരിക്കണമെന്നും ഇതിനെ ഉപയോഗിക്കേണ്ടതു കാര്‍ഷിക ആവശ്യങ്ങള്‍ക്കായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.  ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണു കേന്ദ്രം നിലപാടു മാറ്റാന്‍ തയ്യാറായിരിക്കുന്നത്. കന്നുകാലി കശാപ്പ് നിരോധിച്ച  തീരുമാനത്തെ വിമര്‍ശിച്ച് കേരളം, മേഘാലയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.  തീരുമാനം രാജ്യത്തെ പൗരന്‍മാരുടെ ഭക്ഷണ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റവും  ഭരണഘടനാ വിരുദ്ധവുമാണെന്നും കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണെന്നുമാണു സംസ്ഥാനങ്ങള്‍ വാദിച്ചത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജൂലൈയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. അതേസമയം അവ്യക്തതകള്‍ ഒഴിവാക്കി ആഗസ്തില്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഓള്‍ ഇന്ത്യ ജം ഇയ്യത്തുല്‍ ഖുറേഷ് ആക് ഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിവിധ ഹരജികള്‍ പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസായിരുന്ന ജെ എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കന്നുകാലി കച്ചവടം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരായ സ്റ്റേ രാജ്യവ്യാപകമാക്കിയത്.
Next Story

RELATED STORIES

Share it