Flash News

കന്നുകാലി കച്ചവടം: നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം- പോപുലര്‍ ഫ്രണ്ട്‌

കന്നുകാലി കച്ചവടം: നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം- പോപുലര്‍ ഫ്രണ്ട്‌
X


ന്യൂഡല്‍ഹി:  കന്നുകാലി കച്ചവടത്തിന് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഉടന്‍ പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തികച്ചും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ നടപടി ദശലക്ഷക്കണക്കായ പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗം ഏകപക്ഷീയമായി തകര്‍ക്കുന്നതിനു കാരണമാവും. വിനാശകരമായ നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍പ്പെട്ടുഴലുന്ന ദേശീയ സമ്പദ്ഘടനയ്ക്ക് മറ്റൊരു പ്രഹരം കൂടിയാവും ഇതിന്റെ അനന്തരഫലം. കാലിക്കച്ചവടത്തിന് നിരോധനമില്ല എന്ന വിശദീകരണം മാട്ടിറച്ചി നിരോധനം നടപ്പാക്കാന്‍ കൂട്ടാക്കാത്ത വടക്കുകിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണ്.  കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ മാട്ടിറച്ചി നിരോധനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാടും സ്വാഗതാര്‍ഹമാണ്. അവര്‍ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളോടും താല്‍പര്യങ്ങളോടും ഒപ്പമാണെന്നാണിതു തെളിയിക്കുന്നത്. അതേസമയം, നീതിപീഠങ്ങളെ പരിഹാസ്യമാക്കുന്ന തരത്തിലുള്ള വിധികള്‍ കോടതികളില്‍ നിന്നുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി. മയിലുകള്‍ ഇണചേരുകയില്ലെന്നും കണ്ണീരിലൂടെയാണ് അവയുടെ പ്രത്യുല്‍പാദനമെന്നും മറ്റുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജഡ്്ജിയായിരുന്ന മഹേശ്്ചന്ദ്ര ശര്‍മയുടെ വിധി അസംബന്ധജഡിലമായ ഒന്നാണ്. അതേപോലെ, മാതാപിതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നതിന്റെ പേരില്‍ 25കാരിയായ മുസ്്‌ലിം യുവതിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായവും വിമര്‍ശിക്കപ്പെടേണ്ടതാണ്. യുപിയിലെ സഹാറന്‍പുരില്‍ ദലിതുകള്‍ക്കു നേരെ ഠാക്കൂര്‍ സമുദായാംഗങ്ങള്‍ നടത്തിയ ആക്രമണങ്ങളെ യോഗം അപലപിച്ചു.   ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.   വൈസ് ചെയര്‍മാന്‍  ഒ എം സലാം, ജനറല്‍  സെക്രട്ടറി എം മുഹമ്മദലി ജിന്ന, സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്, ദേശീയ സമിതി അംഗങ്ങളായ കെ എം ശരീഫ്, ഇ എം അബ്ദുര്‍റഹ്്മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it