കന്നി ദേശീയ മീറ്റില്‍ ഐറിന്‍ പറന്നിറങ്ങിയത് സ്വര്‍ണത്തിലേക്ക്

കോഴിക്കോട്: ആദ്യ ദേശീയ സ്‌കൂള്‍ മീറ്റില്‍ തന്നെ സുവര്‍ണനേട്ടം കൈവരിച്ചതിന്റെ ആഹ്ലാദം അടക്കിവയ്ക്കാനാവാതെ ഐറിന്‍ മറിയ ബിജു കണ്ണീരൊപ്പി. അസുഖവും മറ്റു കാരണം പരിശീലനം നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നിട്ടും സ്വര്‍ണം കരസ്ഥമാക്കാന്‍ കഴിഞ്ഞതാണ് ഐറിനെ വികാരഭരിതയാക്കിയത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലായിരുന്നു താരത്തിന്റെ സ്വര്‍ണനേട്ടം. 5.08 മീറ്റര്‍ ചാടിയാണ് ഐറിന്‍ തന്റെ ആദ്യ ദേശീയ സ്വര്‍ണം കഴുത്തിലണിഞ്ഞത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഐറിന്‍. ബിജു ജോസ്-പ്രിയ ജോസ് എന്നിവരുടെ മകളായ ഐറിന് ആന്റണി, ജോഷ്വ എന്നീ സഹോദരങ്ങളുമുണ്ട്.വിമല കോളജിലെ കോച്ചായ ജയകുമാറും ജോര്‍ജുമാണ് താരത്തിനെ പരിശീലിപ്പിക്കുന്നത്.
കോഴിക്കോട്ടു തന്നെ നടന്ന കഴിഞ്ഞ സംസ്ഥാന മീറ്റിലും ഐറിന്‍ തന്നെയായിരുന്നു ജേതാവ്. അന്ന് 4.82 മീറ്ററാണ് ചാടിയത്. ഇന്നലെ പിന്നിട്ട 5.8 മീറ്ററെന്നത് ഐറിന്റെ ഏറ്റവും മികച്ച ദൂരമാണ്. ദേശീയ മീറ്റില്‍ ഈ ഇനത്തില്‍ മാത്രമേ താരം മല്‍സരിക്കുന്നുള്ളൂ.
Next Story

RELATED STORIES

Share it