കനിവിന്റെ മാസം

കനിവിന്റെ മാസം
X


ജമാലുദ്ദീന്‍ പാലേരി

വിശപ്പിന്റെ വിളി അനുഭവത്തിലറിയാന്‍ പരിശുദ്ധ റമദാന്‍ അവസരം നല്‍കുന്നു. അയല്‍വാസിയെ സഹായിക്കുകയും ദരിദ്രരെ സ്‌നേഹിക്കുകയും ചെയ്യുന്ന മനസ്സ് വിശ്വാസിക്ക് വിശുദ്ധ റമദാനിലൂടെ സൃഷ്ടിക്കപ്പെടുന്നു. “ഒരു കാരക്കച്ചീന്ത് നല്‍കിയെങ്കിലും നീ നരകത്തെ സൂക്ഷിക്കുക’ എന്നു പ്രവാചക മൊഴി. ദാനധര്‍മങ്ങള്‍ നല്‍കുന്നതില്‍ അബൂബക്കറിനെ മറികടക്കാമെന്ന വാശിയാണ് ഉമറുല്‍ ഫാറൂഖിനെ സമ്പത്തിന്റെ പകുതി ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, അബൂബക്കര്‍ അപ്പോഴേക്കും തന്റെ പക്കലുള്ളത് മുഴുവന്‍ ദൈവമാര്‍ഗത്തില്‍ നല്‍കിക്കഴിഞ്ഞിരുന്നു.
കൊടുക്കുന്നത് എടുത്തുപറയുക എന്ന സ്വഭാവം ദാനധര്‍മങ്ങള്‍ നിഷ്ഫലമാവാന്‍ ഇടയാക്കുമെന്നു താക്കീത്. വിശുദ്ധ ഖുര്‍ആന്റെ ദിവ്യപ്രഭയില്‍ ദൈവാനുഗ്രഹത്തിന്റെ പവിത്രതയില്‍ മനുഷ്യന് ആത്മീയ നിര്‍വൃതി ലഭ്യമാവുന്ന ദിനങ്ങളാണ് വിശുദ്ധ റമദാന്‍. മനുഷ്യരാശിക്കു മാര്‍ഗദര്‍ശകവും നേര്‍വഴിയെക്കുറിച്ച് വ്യക്തമായ തെളിവുകളും നന്‍മ-തിന്‍മ വേര്‍തിരിക്കുന്ന വിവേചകവുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് റമദാനിലത്രേ. കോടിക്കണക്കിനു ഗ്രന്ഥങ്ങളുടെ ലോകത്തേക്ക് അല്ലാഹുവിന്റെ സവിധത്തില്‍ നിന്ന് അവന്റെ സൃഷ്ടികള്‍ക്കുള്ള മാര്‍ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍.
ഒരായുഷ്‌കാലത്തിന്റെ പുണ്യങ്ങളത്രയും ഒരൊറ്റ രാവു കൊണ്ട് നേടിയെടുക്കാന്‍ വിശ്വാസിക്ക് സ്രഷ്ടാവ് നല്‍കുന്ന അമൂല്യാവസരം കൊണ്ട് അനുഗൃഹീതമാണ് വിശുദ്ധ റമദാന്‍. ഇതര മാസങ്ങളിലെ ശീലങ്ങളെ വിട്ട് ത്യാഗത്തിന്റെയും ദയയുടെയും നിസ്വാര്‍ഥതയുടെയും ശീലങ്ങളിലേക്ക് സത്യവിശ്വാസി പ്രയാണം ചെയ്യുന്നു റമദാന്റെ ദിനരാത്രങ്ങളില്‍.
സദഖ, സകാത്ത് തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സകാത്ത് നല്‍കാന്‍ സാമ്പത്തികമായി ബാധ്യസ്ഥരായവര്‍ സകാത്തിന്റെ നിശ്ചിത വിഹിതം അര്‍ഹരായ അവകാശികള്‍ക്കു നല്‍കേണ്ടതുണ്ട്. ദാനധര്‍മങ്ങള്‍ നല്‍കുമ്പോള്‍ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയ്ക്ക് അവകാശമുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ചോദ്യം: “ആരാണ് അല്ലാഹുവിന് നല്ല കടം നല്‍കാന്‍ തയ്യാറുള്ളത്?’ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നത് അല്ലാഹുവിന് കടം നല്‍കുന്നതിനു തുല്യമാണെന്നു വിവക്ഷ. അല്ലാഹുവിന് നല്‍കുന്ന കടത്തിന് നിരവധി ഇരട്ടിയായി അവന്‍ പ്രതിഫലം നല്‍കുമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
പ്രവാചകനോട് ഒരാള്‍ ചോദിച്ചു: “ഏതു ദാനധര്‍മമാണ് കൂടുതല്‍ ശ്രേഷ്ഠം?’ പ്രവാചകന്‍ പറഞ്ഞു: “നീ ദാരിദ്ര്യത്തെ ഭയപ്പെടുകയും ധനം മോഹിക്കുകയും അതിനു വേണ്ടി പിശുക്കു കാണിക്കുകയും ചെയ്യുന്നതോടൊപ്പം നിന്റെ യുവത്വത്തില്‍ ചെയ്യുന്ന ധര്‍മമാണ് കൂടുതല്‍ പ്രതിഫലാര്‍ഹം’ (ഇമാം ബുഖാരി).
അല്ലാഹുവിന്റെ തണലില്ലാതെ മറ്റൊരു തണലുമില്ലാത്ത മഹ്ശറയിലെ വിചാരണനാളില്‍ അല്ലാഹു പ്രത്യേകം തണലിട്ടുകൊടുക്കുന്ന ഏഴു വിഭാഗങ്ങളുണ്ട്. അതിലൊരു വിഭാഗം വലതു കൈ കൊണ്ട് ചെയ്യുന്നത് ഇടതു കൈ പോലുമറിയാത്ത വിധം രഹസ്യമായി ദാനധര്‍മം അനുഷ്ഠിക്കുന്നവനാണ്.
Next Story

RELATED STORIES

Share it