palakkad local

കനാല്‍ ബണ്ടില്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളും മറ്റും നശിപ്പിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍



ആലത്തൂര്‍: കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ ചേരാമംഗലം പദ്ധതി കനാല്‍ ബണ്ടില്‍ നാട്ടുകാരും വിദ്യാര്‍ഥികളും നട്ടു വളര്‍ത്തിയ വൃക്ഷങ്ങളും മറ്റും ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി പരാതി. വിദ്യാലയങ്ങളില്‍ നിന്ന് പരിസ്ഥിതി ദിനത്തില്‍ നല്‍കിയ ഫലവൃക്ഷതൈ കളാണ് വീടുകളില്‍ സ്ഥലമില്ലാത്തവര്‍ പൊതുസ്ഥലങ്ങളില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. ഒന്നിലധികം വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങള്‍ പലയിടത്തും വെട്ടിനശിപ്പിക്കുകയും ചെയ്തു. ഒരു കര്‍ഷകന്‍ അവരുടെ വിടിന് മുമ്പിലെ ബണ്ടില്‍ നട്ടുവളര്‍ത്തിയ വാഴയുടെ കുല ഇറിഗേഷന്‍ ഉദ്യോസ്ഥന്‍ വെട്ടി കൊണ്ടുപോയതായുംആക്ഷേപമുണ്ട്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് പറഞ്ഞ് തൊഴിലുറപ്പുകാര്‍ കനാല്‍ ബണ്ടിലെ വൃക്ഷത്തൈകള്‍ മിക്കതും വെട്ടി നശിപ്പിക്കുകയും ചെയ്യുന്നു. പൊതു സ്ഥലത്തെ വൃക്ഷതൈകള്‍ വെട്ടിനശിപ്പിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആലത്തൂരിലെ പ്രകൃതി പഠന സംരക്ഷണ കൗണ്‍സില്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. സമീപ പഞ്ചായത്തുകളിലൊന്നും പൊതു സ്ഥലത്തെ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുന്നില്ല. മാത്രമല്ല സംരക്ഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കുന്ന സാഹചര്യത്തിലാണ് ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ കാവശ്ശേരി ഭാഗത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ചേരാമംഗലം പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയറുടെ വിശദീകരണം ഇങ്ങനെ: കനാലിനകത്ത് ഭിത്തികെട്ടി സംരക്ഷിച്ചുള്ള ഭാഗങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മാത്രമാണ് വെട്ടി നീക്കാന്‍ പറഞ്ഞിട്ടുള്ളത്. കനാല്‍ ബണ്ടിലെ ഒരു വൃക്ഷവും വെട്ടാന്‍ പറഞ്ഞിട്ടില്ല. അവ സംരക്ഷിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Next Story

RELATED STORIES

Share it