kozhikode local

കനാലില്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവം : കന്മയ യാത്രയായത് കലാമണ്ഡലത്തില്‍ ചേരാനുള്ള മോഹവും ബാക്കിവച്ച്—



കുറ്റിയാടി: കായക്കൊടി കനാലില്‍ മുങ്ങിമരിച്ച കന്മയ, കലാമണ്ഡലത്തില്‍ ചേരാനുള്ള അതിയായ മോഹവും മനസില്‍ വെച്ചാണു യാത്രയായത്. ഭരതനാട്യത്തിലും മറ്റു നൃത്ത വിഭാഗങ്ങളിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഒരുപാട് സമ്മാനങ്ങള്‍ നേടിയ പ്രതിഭയാണു ഈ വിദ്യാര്‍ഥിയെന്ന് സഹപാഠികളും അധ്യാപകരും ഓര്‍മിക്കുന്നു. പഠനത്തില്‍ മികവ്—പുലര്‍ത്തിയ ഈ വിദ്യാര്‍ഥി ഏവര്‍ക്കും പ്രിയങ്കരിയാണ്. കഴിഞ്ഞദിവസം കുറ്റിയാടി വലതുഭാഗം കനാലിന്റെ കായക്കൊടി ഹൈസ്‌ക്കൂളിനടുത്തുള്ള കുളിക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണു കായക്കൊടി കല്ലിടുക്കില്‍ പ്രത്യൂഷിന്റെ മകള്‍ കന്മയ(13)യും ബന്ധുവായ തൂണേരിയിലെ വേറ്റുമ്മല്‍ കീഴന സത്യന്റെ മകന്‍ സൗരവും(10) മുങ്ങിമരിച്ചത്. ഇരുവരും വൈകീട്ട് കുളിക്കുന്നതിനിടെ കനാലില്‍ ഒലിച്ചുപോയ സൗരവിനെ രക്ഷിക്കുന്നതിനിടെയാണു കന്മയയും അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കന്മയയുടെ മൃതദേഹം കുറ്റിയാടി ശ്രീഹരി വിദ്യാലയത്തിലും സൗരവിന്റെ മൃതദേഹം ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും പൊതുദര്‍ശനത്തിനുവെച്ചു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പടെ നിരവധിപ്പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Next Story

RELATED STORIES

Share it