കനയ്യ വരുന്നത് ബിഹാറിലെ ദരിദ്ര കുടുംബത്തില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യദ്രോഹത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ വരുന്നത് ബിഹാറിലെ അങ്ങേയറ്റം ദരിദ്രമായ കുടുംബത്തില്‍ നിന്ന്. ബെഗുസരായ് ജില്ലയിലെ ബിഹദ് ഗ്രാമത്തിലെ ചുമരുകള്‍ പൊട്ടിയടര്‍ന്ന ഒറ്റമുറി വീട്ടിലാണ് കനയ്യയുടെ കുടുംബം താമസിക്കുന്നത്.
കനയ്യയുടെ പിതാവ് 65കാരന്‍ ജയ്ശങ്കര്‍ സിങ് 2013 മുതല്‍ ഒരു വശം തളര്‍ന്നു കിടപ്പാണ്. അങ്കണവാടി ജീവനക്കാരിയായ മാതാവ് മീനാദേവിക്ക് ലഭിക്കുന്ന 3,000 രൂപ ശമ്പളമാണ് കുടുംബത്തിന്റെ ഏക വരുമാനം. തനിക്ക് 10ാംക്ലാസ് വരെ പഠിക്കാനെ സാധിച്ചുള്ളൂവെന്ന് ജയ്ശങ്കര്‍ സിങ്ങ് പറയുന്നു. അതുകൊണ്ടാണ് മകന് നല്ല വിദ്യാഭ്യാസം നല്‍കാമെന്ന് തീരുമാനിച്ചത്. പാവപ്പെട്ട ഞങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസമെന്നത് എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്വപ്‌നമാണ്. തന്റെ മകന്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളൊന്നും വിളിച്ചിട്ടില്ലെന്ന് ജയ്ശങ്കര്‍ പറയുന്നു. പരിപാടിയുടെ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. അവനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം മാറിവരുമെന്ന് മാതാവ് മീനാദേവി പറയുന്നു.
രാജ്യത്തിനെതിരായി എന്റെ മകന്‍ ഒന്നും ചെയ്തില്ല. അതുകൊണ്ട് അവന് ഒന്നും സംഭവിക്കില്ല. ഇവിടെ കോടതിയുണ്ട്. തനിക്ക് തന്റെ മകനിലും ദൈവത്തിലും പൂര്‍ണ വിശ്വാസമുണ്ടെന്നും മീനാദേവി പറയുന്നു. ഇടതുപക്ഷ ശക്തികേന്ദ്രമായതിനാലാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബം കരുതുന്നു. കഴിഞ്ഞ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ സിപിഐ—ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
തങ്ങളുടെ കുടുംബം കമ്യൂണിസ്റ്റുകാരാണെന്നും സ്‌കൂള്‍കാലം മുതല്‍തന്നെ കനയ്യ എഐഎസ്എഫുകാരനാണെന്നും കനയ്യയുടെ ഇളയ സഹോദരന്‍ പ്രിന്‍സ് പറഞ്ഞു. ഡല്‍ഹിയില്‍ പ്രവേശന പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന പ്രിന്‍സും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമാണ്. കല്ല് കയറ്റു തൊഴിലാളിയായിരുന്നു കനയ്യയുടെ പിതാവ്. കനയ്യയുടെ മറ്റൊരു സഹോദരന്‍ മണികാന്ത് അസമിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറാണ്. അറസ്റ്റിനെതിരേ കനയ്യയുടെ നാട്ടിലും പ്രതിഷേധം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it