കനയ്യ കോണ്‍ഗ്രസ് തുറുപ്പുചീട്ട്

ഗുവാഹത്തി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണോ?. അസം തലസ്ഥാനമായ ഗുവാഹത്തിയിലെത്തിയാല്‍ ആര്‍ക്കും സംശയമുണരും. നഗരത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെല്ലാം കനയ്യയുടെ ചിത്രമുണ്ട്. ഇതാണോ നല്ല ദിനം എന്ന ചോദ്യവും.
ബിജെപിയുടെ വിദ്യാര്‍ഥിവിരുദ്ധ നീക്കങ്ങള്‍ തുറന്നുകാട്ടാനാണ് കോണ്‍ഗ്രസ് കനയ്യയുടെ മറപിടിക്കുന്നത്. കനയ്യയെ കൂടാതെ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത രോഹിത് വെമുല, വാവിട്ടുകരയുന്ന മുസ്‌ലിം സ്ത്രീ, ആത്മഹത്യ ചെയ്ത കര്‍ഷകന്‍ എന്നിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും കോണ്‍ഗ്രസ്സിന്റേതായുണ്ട്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് വളക്കൂറുള്ള അസമില്‍ കനയ്യ തന്ത്രം ഫലിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
80കളില്‍ നടന്ന പല വിദ്യാര്‍ഥിസമരങ്ങളും അസമില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് അന്ന് മുസ്‌ലിംകള്‍ക്കെതിരേ വ്യാപക പ്രചാരണം നടത്തിയവരില്‍ പ്രമുഖനായിരുന്നു ഇന്നത്തെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍. ഇദ്ദേഹമടക്കമുള്ള പഴയ വിദ്യാര്‍ഥിനേതാക്കള്‍ നടത്തിയ സമരത്തിന്റെ നേട്ടം ഒരു പരിധി വരെ ബിജെപിക്കാണു ലഭിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സംസ്ഥാനത്തു മങ്ങലേറ്റിട്ടില്ലെന്നും ഏതൊരാള്‍ക്കും തന്നെ വിമര്‍ശിക്കാന്‍ അനുവാദമുണ്ടെന്നും തെളിയിക്കുകയാണ് കനയ്യയുടെ പോസ്റ്റര്‍ പ്രചാരണത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വിശദീകരിച്ചു. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥിസ്‌നേഹം കാപട്യമാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. 10ാം ക്ലാസിലെ 12,000 ഉത്തരക്കടലാസുകള്‍ കത്തിച്ച നിര്‍ഭാഗ്യകരമായ സംഭവത്തിന് രാഹുല്‍ ഗാന്ധിയോ തരുണ്‍ ഗൊഗോയിയോ ഇതേവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് സംസ്ഥാനത്തെ മുന്‍ ബിജെപി അധ്യക്ഷന്‍ സിദ്ധാര്‍ഥനാഥ് ഭട്ടാചാര്യ പറഞ്ഞു.
Next Story

RELATED STORIES

Share it