കനയ്യയുടെ യോഗത്തില്‍ സംഘര്‍ഷം

വിജയവാഡ: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പങ്കെടുത്ത ചടങ്ങില്‍ സംഘര്‍ഷം. ബിജെപിയുടെയും ഇടതുകക്ഷികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. വിദ്യാര്‍ഥി സംഘടനകളുടെ ഐക്യവേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈദരാബാദില്‍ നിന്ന് കനയ്യ എത്തുന്നതിന് മുമ്പ് തന്നെ ബിജെപിയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ സമ്മേളന ഹാളില്‍ നിലയുറപ്പിച്ചിരുന്നു. അവര്‍ കനയ്യക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഹാളിലുണ്ടായിരുന്ന എഐഎസ്എഫ്, സിപിഐ, സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കനയ്യ ഹാളില്‍ പ്രവേശിക്കുന്നത് ബിജെപിക്കാര്‍ തടയാന്‍ ശ്രമിച്ചു. ഹാളിലുണ്ടായിരുന്ന വന്‍ പോലിസ് സന്നാഹമാണ് ഇരുപക്ഷവും തമ്മില്‍ ഉണ്ടാവുമായിരുന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കിയത്. ബിജെപി സംസ്ഥാന സെക്രട്ടറി പൂര്‍ണ ചന്ദ്രറാവു, യുവമോര്‍ച്ച നേതാവ് സി രജനികാന്ത് തുടങ്ങിയവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനയ്യയുടെ യോഗത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലിസ് പറഞ്ഞു. നേരത്തേ സ്വകാര്യ കോളജിലായിരുന്നു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം മറ്റൊരിടത്തേക്ക് ചടങ്ങ് മാറ്റുകയായിരുന്നു. അതേസമയം, ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരായ പ്രതിഷേധത്തിനിടെ പോലിസ് മര്‍ദ്ദനമേറ്റ ഗവേഷക വിദ്യാര്‍ഥി ഉദയഭാനുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സര്‍വകലാശാലയില്‍ ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. നേരത്തേ കാംപസിലെ ഭക്ഷണവിതരണം സര്‍വകലാശാല അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഉദയഭാനു അടക്കമുള്ളവര്‍ സ്വയം ഭക്ഷണം തയ്യാറാക്കിയതിന്റെ പേരിലാണ് പോലിസ് മര്‍ദ്ദിച്ചത്. തലയ്ക്കും പുറത്തുമെല്ലാം ലാത്തിയേറ്റവരുള്‍പ്പെടെ 44 വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. സര്‍വകലാശാലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തത്. വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇന്റര്‍നെറ്റ് കണക്ഷനും റദ്ദാക്കി. ഹൈദരാബാദ് സ്‌റ്റേറ്റ് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. കാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രോഹിത് വെമുലയുടെ അമ്മ രാധികയും വിദ്യാര്‍ഥികളും കാംപസിന്റെ കവാടത്തില്‍ കഴിഞ്ഞ രാത്രിയില്‍ ധര്‍ണ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it