കനയ്യയുടെ പ്രസംഗത്തെ വാഴ്ത്തി പ്രമുഖര്‍: ചിന്തകള്‍ക്ക് അപാരമായ തെളിച്ചമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജയില്‍മോചിതനായ ശേഷവും താരമായി കനയ്യ കുമാര്‍. ജയില്‍മോചിതനായ ദിവസം കനയ്യ ജെഎന്‍യു കാംപസില്‍ നല്‍കിയ സ്വീകരണത്തില്‍ നടത്തിയ പ്രസംഗത്തെ പ്രമുഖര്‍ വാഴ്ത്തി. കനയ്യ കുമാറിന്റെ അമ്പതു മിനിറ്റ് നീണ്ട പ്രസംഗം ദേശീയമാധ്യമങ്ങളെല്ലാം തല്‍സമയം സംപ്രേഷണം ചെയ്തു.
ഒരു വിദ്യാര്‍ഥിയുടെ പ്രസംഗത്തിനായി രാജ്യം കാതോര്‍ത്തിരിക്കുന്നതും അത് ദേശീയ മാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതും ആദ്യമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും കനയ്യ കുമാര്‍ എന്ന ഹാഷ്ടാഗ് ഏറ്റവും ട്രെന്‍ഡായ ആദ്യ രണ്ട് ടാഗുകളിലൊന്നായി ഇടംപിടിച്ചിട്ടുണ്ട്. ജെഎന്‍യു തിരഞ്ഞെടുപ്പിനിടെ നടന്ന പ്രസിഡന്‍ഷ്യല്‍ പ്രസംഗമാണ് കനയ്യ കുമാറിനെ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതൃപദവിയില്‍ എത്തിച്ചത്.
കനയ്യയുടെ ചിന്തകള്‍ക്ക് അപാരമായ തെളിച്ചമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മുമ്പും കേട്ടിട്ടുണ്ടെന്നുമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. കനയ്യക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമെത്തി. കനയ്യയുടെ പ്രസംഗം അസാധാരണമെന്നായിരുന്നു നിരുപമ റാവുവിന്റെ പ്രതികരണം. ഗ്രാമീണ ഇന്ത്യയിലെ ഒരു സാധാരണ കുടുംബത്തിലെ യുവാവിന്റെ പ്രസംഗം രാജ്യത്തിന്റെ ഊ ര്‍ജം പ്രസരിക്കുന്നതായിരുന്നുവെന്നും നിരുപമ ട്വിറ്ററില്‍ കുറിച്ചു. കനയ്യയുടെ പ്രസംഗത്തെ എഴുത്തുകാരി ഗായത്രി ജയറാമും വാഴ്ത്തി. എനിക്ക് കനയ്യയോട് പ്രത്യയശാസ്ത്രപരമായ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഒരു പാഠമായിരുന്നുവെന്നാണ് ഹര്‍ഷ് ഗോയങ്കയുടെ പ്രതികരണം.
ഒരു പ്രസംഗം നേതാവിനു ജന്മം നല്‍കുമെങ്കില്‍ നേതാവ് ജനിച്ചിരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി എഴുതി.
അങ്കിത് ലാല്‍, വന്ദന ശര്‍മ, പല്ലവി സാഹി, സാഗരിക ഘോഷ്, മിലിന്ദ് ദിയോറ, വീര്‍സാങ് വി, മിഹിര്‍ ശര്‍മ തുടങ്ങി നിരവധി പ്രമുഖര്‍ കനയ്യയുടെ പ്രസംഗത്തെ വാഴ്ത്തുകയുണ്ടായി.
Next Story

RELATED STORIES

Share it