Editorial

കനയ്യകുമാറിന് ജാമ്യം

രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന് 19 ദിവസത്തിനുശേഷം ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചത് ആശ്വാസദായകമായ കാര്യമാണ്. കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ പരസ്യമായി അരങ്ങേറിയ സംഭവമാണ് കനയ്യകുമാറിന്റെ അറസ്റ്റും തുടര്‍ന്ന് കോടതി മുറിക്കകത്തുപോലും നടന്ന ഗുണ്ടാവിളയാട്ടങ്ങളും. ഡല്‍ഹി പട്യാല ഹൗസ് കോടതിക്കകത്തു വച്ച് ഒരുസംഘം അഭിഭാഷകര്‍ രണ്ടു തവണ ഈ യുവാവിനെ കടുത്ത ദേഹോപദ്രവം ഏല്‍പിക്കുകയുണ്ടായി. രാജ്യദ്രോഹപരമായ യാതൊരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് കോടതിയില്‍ ആണയിട്ടുപറഞ്ഞ ഈ യുവാവിനെതിരേ വ്യാജ തെളിവുണ്ടാക്കാനും അയാളുടെ വിദ്യാഭ്യാസജീവിതം ബോധപൂര്‍വം തകര്‍ക്കാനുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലിസ് അധികൃതരും ശ്രമിച്ചത്. നീതി നിഷേധിക്കുക മാത്രമല്ല, കോടതിയില്‍ നീതി ലഭിക്കുന്നതു തടയാനുള്ള ബോധപൂര്‍വമായ നീക്കങ്ങളുമാണ് സംഘപരിവാര സംഘടനകളുമായി തോളോടുതോള്‍ ചേര്‍ന്ന് ഭരണകൂടം നടത്തിയത്. ഇതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ വ്യാജ വീഡിയോകള്‍ നിര്‍മിക്കുകയും അത് ഭരണകൂടത്തിന്റെ കുഴലൂത്തുകാരായ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ തീര്‍ത്തും വ്യാജമായ പ്രചാരവേലകള്‍ കെട്ടിപ്പടുത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ് ഭരണകൂടം ചെയ്തത്.
കനയ്യകുമാറിനു പുറമേ ഉമര്‍ ഖാലിദ് അടക്കം ഏതാനും ജെഎന്‍യു വിദ്യാര്‍ഥികള്‍ കൂടി ഈ കെട്ടിച്ചമച്ച കേസില്‍ പ്രതികളായി ഇപ്പോള്‍ ജയിലറകളില്‍ കഴിയുന്നുണ്ട്. കേസില്‍ പ്രതികളാക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനിയും യാതൊരു താമസവും വരുത്താതെ ജാമ്യം നല്‍കാനും അവരുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാനും ഭരണകൂടവും കോടതികളും തയ്യാറാവേണ്ടതാണ്.
കടുത്ത ചില നിബന്ധനകള്‍ നടപ്പാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി കനയ്യകുമാറിന് താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഭരണകൂടത്തിന്റെ പ്രചാരവേലകളെ ഒരു പരിധിവരെ കോടതിയും ഗൗരവത്തില്‍ എടുത്തതായി അതില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍, പാക് അനുകൂലമായ യാതൊരു മുദ്രാവാക്യങ്ങളും ജെഎന്‍യു വിദ്യാര്‍ഥികള്‍ ഒരവസരത്തിലും മുഴക്കുകയുണ്ടായില്ല എന്ന കാര്യം ഇതിനകം തന്നെ വ്യക്തമായതാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുവതലമുറയുടെ അടങ്ങാത്ത ദാഹമാണ് യഥാര്‍ഥത്തില്‍ സര്‍വകലാശാലയിലെ സംഭവവികാസങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ നിലനിര്‍ത്താനുമുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായാണ് അവര്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. അതില്‍ പീഡനമേറ്റുവാങ്ങേണ്ടിവന്നു എന്നത് തീര്‍ത്തും അഭിമാനജനകമായ കാര്യമായിത്തന്നെയാണു കാണേണ്ടത്.
Next Story

RELATED STORIES

Share it