കനത്ത സുരക്ഷയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു

പത്താന്‍കോട്ട്: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിന്റെ വിചാരണ തുടങ്ങി. കനത്ത സുരക്ഷയില്‍ പത്താന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയിലാണു വിചാരണ നടക്കുന്നത്. കേസിലെ എട്ടു പ്രതികളില്‍ ഏഴു പേരെയാണു വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസിലെ മറ്റൊരു പ്രതി കഠ്‌വയിലെ ജുവനൈല്‍ കോടതിയിലാണു വിചാരണ നേരിടുന്നത്.
കേസിലെ കുറ്റപത്രം, കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഉര്‍ദുവില്‍ നിന്നു ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താന്‍ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു. ജൂണ്‍ നാലിനു രേഖകള്‍ പ്രതിഭാഗത്തിന് ഉള്‍പ്പെടെ നല്‍കണം.
പ്രതികളെ കനത്ത സുരക്ഷയിലാണു കോടതിയിലെത്തിച്ചത്. വനിതാ പോലിസുകാരെ അടക്കം വിചാരണക്കോടതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചു. കോടതി പ്രവേശന കവാടത്തില്‍ കോടതി ജീവനക്കാരുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞു. കോടതിക്ക് അകത്തും പുറത്തും നിരവധി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തോക്കും മറ്റു സുരക്ഷാ സജ്ജീകരണങ്ങളുമായാണ് പോലിസ് ഉദ്യോഗസ്ഥരെത്തിയത്. പ്രധാന കവാടത്തിനു മുമ്പില്‍ പോലിസ് ബാരിക്കേഡ് തീര്‍ത്ത് കോടതിയിലേക്കുള്ള പ്രവേശനം തടഞ്ഞു. ബോംബ് സ്‌ക്വാഡും പോലിസ്‌നായ്ക്കളുടെ സേവനവും ഉറപ്പുവരുത്തിയിരുന്നു.
പത്താന്‍കോട്ട് കോടതിയില്‍ ഇതാദ്യമായാണ് ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസ് വിചാരണയ്‌ക്കെടുക്കുന്നതെന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രേശ്പുല്‍ ഠാക്കൂര്‍ പറഞ്ഞു.
നീതിയുക്തവും കുറ്റമറ്റതുമായ വിചാരണ വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജമ്മുവില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ടിലേക്കു വിചാരണാ നടപടികള്‍ സുപ്രിംകോടതി മാറ്റുകയായിരുന്നു. മെയ് മാസത്തിലാണ് കോടതി ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സുപ്രിംകോടതിയുടെ നിരീക്ഷണത്തിലാണു വിചാരണാ നടപടികള്‍ നടക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഹരജികളും ഇതേ കോടതിയാവും കൈകാര്യം ചെയ്യുക. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് തേജ്വീന്ദര്‍ സിങാണ്. കേസ് മറ്റു ജഡ്ജിമാര്‍ കേള്‍ക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണയും പത്താന്‍കോട്ടില്‍ വച്ച് നടത്തണമെന്നു പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 10നാണു കേസിനാസ്പദമായ സംഭവം നടന്നത്. കഠ്‌വയുടെ സമീപപ്രദേശത്തു നിന്നു നാടോടികളായ മുസ്‌ലിംകളെ ഒഴിപ്പിക്കാനായി എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നെന്നാണു കേസ്. പ്രദേശത്തെ അമ്പലത്തില്‍ നാലുദിവസം ബോധംകെടുത്തി പെണ്‍കുട്ടിയെ പ്രതികള്‍ ബലാല്‍സംഗം ചെയ്തു കൊല്ലുകയായിരുന്നു. കേസില്‍ കഠ്‌വ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളാണ്.
Next Story

RELATED STORIES

Share it