thiruvananthapuram local

കനത്ത വേനലില്‍ ജനത്തെ ദുരിതത്തിലാക്കി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് കുടിവെളളമില്ലാതെ നഗരവാസികള്‍ പൊറുതിമുട്ടുന്നതിനിടെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് തടസപ്പെടുന്നത് നിത്യസംഭവമാവുന്നു. വേനല്‍ കനത്തതോടെ പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ടതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കാത്ത സാഹചര്യത്തില്‍ നഗരവാസികളുടെ ഏക ആശ്രയമാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം.
എന്നാല്‍, ഇത് പല ദിവസങ്ങളിലും കൃത്യമായി ലഭിക്കാത്തതാണ് ജനത്തെ ദുരിതത്തിലാക്കിയിരിക്കുന്നത്. ജലവിതരണം നടക്കുന്ന ദിവസങ്ങളില്‍പോലും ജലത്തിന്റെ ഒഴുക്കിന് ശക്തി കുറവായതിനാല്‍ ടാപ്പുകളിലൂടെ കുറഞ്ഞ അളവിലാണു വെള്ളമെത്തുന്നത്. ജവഹര്‍ നഗര്‍, കവടിയാര്‍, മെഡിക്കല്‍ കോളജ്, ശ്രീകാര്യം, ഉള്ളൂര്‍, കേശവദാസപുരം, ശാസ്തമംഗലം, പേരൂര്‍ക്കട, പട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.കുടിവെള്ളത്തിനായി മണിക്കൂറുകളോളം ടാപ്പിനു മുന്നില്‍ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് നഗരവാസികള്‍. പമ്പിങ്ങിനിടയിലുള്ള വൈദ്യുതി തടസവും ജലവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളിലാണ് ജനങ്ങള്‍ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി മണ്ണുനീക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടലുണ്ടാവുന്നതും ജനത്തിന് തിരിച്ചടിയാവുന്നു. അപ്രതീക്ഷിതമായി ജലവിതരണം മുടങ്ങിയതോടെ ജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്.
വാട്ടര്‍ അതോറിറ്റി പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ക്കായി കുടിവെള്ളം തടസ്സപ്പെടുത്തി പണികള്‍ നടത്തുമ്പോള്‍ വേണ്ടരീതിയില്‍ അറിയിപ്പുകള്‍ നല്‍കുന്നില്ലെന്നും പരാതികളുയരുന്നുണ്ട്. പഴകിയ പൈപ്പുകള്‍ പൊട്ടിയാല്‍ ദിവസങ്ങള്‍വേണ്ടിവരും പൂര്‍വസ്ഥിതിയിലാവാന്‍.
നഗരത്തിലെ പ്രശ്‌നം പരിഹരിച്ച് ലൈന്‍ ക്ലീനാക്കുമ്പോള്‍ നഗരത്തിലേക്കു ജലവിതരണം നടത്തുന്ന അരുവിക്കരയില്‍ പമ്പിങ് തകരാറിലാവും. പമ്പിങ്ങും ലൈനും സുഗമമാവുമ്പോള്‍ പേപ്പാറയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തില്‍ മുഴുവന്‍ മാലിന്യങ്ങളാണ്. കവടിയാര്‍, പിടിപി നഗര്‍, പോങ്ങുംമൂട്, പാളയം, കുര്യാത്തി സെക്ഷന്‍ ഓഫിസുകള്‍ക്കാണ് വിതരണത്തിന്റെ ചുമതല. വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍ അരുവിക്കരനിന്നുള്ള വെള്ളം സംഭരിച്ചാണ് വിതരണം ചെയ്യുക. 300 മില്യന്‍ ലിറ്റര്‍ വെള്ളം പ്രതിദിനം അരുവിക്കരയില്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയൂ. വേനല്‍ കടുക്കുമ്പോള്‍ ഉപയോഗം ഇരട്ടിയാവും.
കഴിഞ്ഞ കാലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വേനല്‍ക്കാലത്ത് കുടിവെള്ളം ടാങ്കര്‍ലോറികളിലെത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഇത്തവണ ഇതിനുള്ള നടപടികളൊന്നും ഫലപ്രദമായിട്ടില്ല. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം പൈപ്പ് പൊട്ടി വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും അധികൃതര്‍ അനങ്ങാപ്പാറനയം തുടരുകയാണ്.
Next Story

RELATED STORIES

Share it