Flash News

കനത്ത മഴ: സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീതിയില്‍

നിഷാദ്  എം  ബഷീര്‍
കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുള്ള കെടുതികള്‍ തുടരുന്നതിനിടെ സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീതിയില്‍. മഴക്കാലം ആരംഭിച്ച ശേഷം ഡെങ്കി, മലേറിയ, എലിപ്പനി, വൈറല്‍ പനി, വയറിളക്കം, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നീ രോഗങ്ങളാണ് പടര്‍ന്നുപിടിക്കുന്നത്. കോളറ, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ കാര്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്തെ വിവിധ ആശുപത്രികൡ പകര്‍ച്ചപ്പനിയെത്തുടര്‍ന്ന് ചികില്‍സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.
ഇന്നലെ മാത്രം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 13,313 പേരാണ് ചികില്‍സ തേടിയെത്തിയത്. ഇതില്‍ 212 പേരെ കിടത്തിച്ചികില്‍സയ്ക്കു വിധേയമാക്കി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത്- 2387. കോഴിക്കോട്- 1250, തൃശൂര്‍- 1024, തിരുവനന്തപുരം- 1214, കാസര്‍കോട്- 1169, കണ്ണൂര്‍- 1065, കൊല്ലം- 880, പാലക്കാട്- 1147, എറണാകുളം- 777, പത്തനംതിട്ട- 432, ഇടുക്കി- 359, കോട്ടയം- 421, ആലപ്പുഴ- 607 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പനിബാധിതരുടെ കണക്ക്.
കഴിഞ്ഞ ആറു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ പനിബാധിതരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 14,78,678 പേരാണ് ഇക്കാലയളവില്‍ പനിബാധിതരായി ചികില്‍സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാവും.
ജൂലൈ മാസം ഇതുവരെ മാത്രം 2,07,383 പേര്‍ക്ക് പനി ബാധിക്കുകയും അഞ്ചു പേര്‍ മരിക്കുകയും ചെയ്തതെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ആറു മാസത്തിനിടെ 34 പേര്‍ക്ക് പനിയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി. കാസര്‍കോട്ട് ഏഴും കണ്ണൂരില്‍ മൂന്നും കോട്ടയത്ത് രണ്ടും കൊല്ലം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഓരോന്നും വീതം ആകെ 16 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 90 പേരെ ഡെങ്കിപ്പനി സംശയത്തിന്റെ പേരില്‍ ചികില്‍സയ്ക്ക് വിധേയരാക്കി. 18 ദിവസത്തിനിടെ 536 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 1600 പേര്‍ ഡെങ്കിപ്പനിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലാണ്.
ഈ മാസം തന്നെ രണ്ടു പേര്‍ ഡെങ്കിയെത്തുടര്‍ന്ന് മരിച്ചു. ആറു മാസത്തിനിടെ 2851 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോള്‍ 18 പേരാണ് മരിച്ചത്. ഇന്നലെ 2587 പേര്‍ക്ക് വയറിളക്കവും 48 പേര്‍ക്ക് ചിക്കന്‍പോക്‌സും 9 പേര്‍ക്ക് മഞ്ഞപ്പിത്തവും 7 പേര്‍ക്ക് എലിപ്പനിയും 6 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 40,671 പേരാണ് വയറിളക്കം പിടിപെട്ട് ചികില്‍സ തേടിയത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്.
മാലിന്യ നിര്‍മാര്‍ജനത്തില്‍ ഉണ്ടായ പാളിച്ചയാണ് പകര്‍ച്ചപ്പനി അനിയന്ത്രിതമാവാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്. മഴക്കാലത്തിനു മുമ്പ് പഞ്ചായത്തുകളിലും നഗരസഭകളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായി. ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി കൈയൊഴിക്കുകയാണെന്നാണ് പലയിടത്തുനിന്നും ഉയരുന്ന പരാതി.
Next Story

RELATED STORIES

Share it