ernakulam local

കനത്ത മഴ തുടരുന്നു; നഗരം വെള്ളത്തിനടിയില്‍

കൊച്ചി: കനത്ത മഴ തുടരുന്നതോടെ നഗരത്തിലെ ജനജീവിതം കൂടുതല്‍ ദുസഹമായി.
നഗരത്തില്‍ എംജി റോഡ് മുതല്‍ പത്മ വരെയുള്ള ഭാഗത്ത് പ്രധാന റോഡിലുള്‍പ്പെടെ വെള്ളം കയറിയതോടെ വാഹനയാത്രക്കാരും കാല്‍നട യാത്രികരും പെരുവഴിയിലായി.
റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും നഗരത്തില്‍ രൂക്ഷമാണ്. മേനക, ഹൈക്കോടതി ജങ്്ഷനുകളില്‍ ഓടകള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയത് യാത്രക്കാരെ വലച്ചു.  നഗരത്തിന്റെ പലയിടങ്ങലിലും നടപ്പാതകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും പെട്രോള്‍ പമ്പുകളിലും വെള്ളം കയറിയതോടെ ജനം കൂടുതല്‍ ബുദ്ധിമുട്ടിലായി. രവിപുരം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളകെട്ടു മൂലം ചില പ്രദേശങ്ങളിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലും വന്‍ മരങ്ങള്‍ കടപുഴകി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എളമക്കര കീര്‍ത്തീനഗറിലും രണ്ടു മരങ്ങള്‍ കടപുഴകി.
വൈറ്റില ജങ്്ഷന്് സമീപം ഇന്നലെ രാവിലെ ഫഌക്‌സ് ബോര്‍ഡ് മറിഞ്ഞു വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറ റൂട്ടിലാണ് ഗതാഗതക്കുരുക്കുണ്ടത്. ഇതേതുടര്‍ന്ന് രാവിലെ വാഹനങ്ങള്‍ മരട് -കുണ്ടന്നൂര്‍ വഴി കടത്തിവിട്ടു. എന്നാല്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള വാഹനങ്ങളും ഇങ്ങോട്ടേക്കെത്തിയതോടെ കുണ്ടന്നൂര്‍ ജംഗ്ഷനിലും വന്‍ഗതാഗതക്കുരുക്കുണ്ടായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറിയത് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.
റോഡില്‍ വെള്ളം പൊങ്ങിയത് സ്റ്റേഷനിലേക്കെത്തിയ യാത്രക്കാരെയും ബാധിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രധാന റോഡില്‍ വെള്ള കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂടുതലും ഇടറോഡുകളെ ആശ്രയിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി.
ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, കോണ്‍വെന്റ് ജംഗ്ഷന്‍, സൗത്ത്, വൈറ്റില തുടങ്ങിയ പ്രധാന ജങ്ഷനുകളെല്ലാം വെള്ളത്തിലായി. വൈറ്റിലയില്‍ മെട്രോയുടെയും മേല്‍പ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നതിനാല്‍ തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങിയത് ഏറെനേരത്തെ ഗതാഗതക്കുരുക്കിന് കാരണമായി. കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങില്‍ വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതവും ദുഷ്‌കരമായി.
Next Story

RELATED STORIES

Share it