ernakulam local

കനത്ത മഴ: എംസി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍



മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് എംസി റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. ആംബുലന്‍സ് അടക്കം കുരുക്കില്‍പ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ചോടെ മീങ്കുന്നത്തായിരുന്നു റോഡിലേക്ക് മണ്ണ് ഇടിഞ്ഞത്. പതിനഞ്ച് മീറ്ററോളം ഭാഗത്തെ മണ്ണ് റോഡിലേക്കു ഇടിഞ്ഞ് വീണതോടെ തിരക്കേറിയ എംസി റോഡില്‍ വാഹനങ്ങള്‍ കിലോമീറ്ററോളം കുരുങ്ങി. കെഎസ്ടിപി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് എടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭവം അറിഞ്ഞ് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയിലായിരുന്നു മണ്ണ് ഇടിഞ്ഞത്. ഈ സമയം വാഹനങ്ങളോ കാല്‍നട യാത്രക്കാരോ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ എംസി റോഡില്‍ കൂത്താട്ടുകളം മുതല്‍ ഈസ്റ്റ് മാറാടി വരെയുള്ള ഭാഗത്ത് നിരവധി പ്രാവശ്യം ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. എംസി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. കൊടുംവളവുകള്‍ നിവര്‍ത്തുന്നതിന് റോഡിന്റെ ഇരുവശത്തും ഉയരത്തിലുള്ള മലയിടിച്ച് മണ്ണ് എടുത്തു വരുന്ന പ്രവര്‍ത്തികളാണ് നടന്ന് വരുന്നത്. തുലാമഴ ശക്തിപ്പെട്ടതാണ് ഇപ്പോഴത്തെ മണ്ണ് ഇടിച്ചിലിന്് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ ഈസ്റ്റ് മാറാടിയില്‍ മണ്ണ് എടുത്ത ഭാഗത്ത് വെള്ളം കുത്തി ഒലിച്ച് സമീപത്തെ റേഷന്‍കടയില്‍ വെള്ളം കയറി. മാറാടി മണിയാട്ട് മത്തായി കുഞ്ഞിന്റെ റേഷന്‍ കടയില്‍ ആണ് മഴവെള്ളം കയറി നാശനഷ്ടം സംഭവിച്ചത്.
Next Story

RELATED STORIES

Share it