kannur local

കനത്ത മഴയും കാറ്റും; പരക്കെ നാശം

കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം. നിരവധി വീടുകള്‍ക്കു കേടുപാട് സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. പൊടുന്നനെ വീശിയടിച്ച കാറ്റില്‍ കാര്‍ഷികവിളകളും തെങ്ങ്, കവുങ്ങ് കൃഷികളും നശിച്ചു. പലയിടത്തും ഉച്ച വരെ വൈദ്യുതി നിലച്ചു. മരങ്ങള്‍ പൊട്ടിവീണ് പലയിടത്തും ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ലക്ഷദ്വീപിലും പടിഞ്ഞാറേക്കരയിലും വ്യാപിച്ചതിനാല്‍ 24 മണിക്കൂര്‍ വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കണ്‍ട്രോള്‍ റൂം മുന്നറിയിപ്പ് നല്‍കി. മാടായി സിഎസ്‌ഐ ചര്‍ച്ചിനു സമീപത്തെ കൊയിലേര്യന്‍ സൈമണിന്റെ വിടിനു മുകളില്‍ കൂറ്റന്‍ മരം പൊട്ടിവീണു. വീടിന്റെ മേല്‍ക്കൂര പൂണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പ്: ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. വീട്ടമ്മയ്ക്കു പരിക്കേറ്റു. കോട്ടയം അങ്ങാടിയിലെ പിലാച്ചേരി ഷരീഫ്, വാഴയില്‍ സഫിയ എന്നിവരുടെ വീടുകളിലെ മെയില്‍ സ്വിച്ച് ബോര്‍ഡടക്കം വയറിങ് സംവിധാനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. കോണ്‍ക്രീറ്റ് വീടിന്റെ ചുമരുകളും സണ്‍ ഷേഡുകളും വിണ്ടുകീറി തകര്‍ന്നു. വീട്ടുപറമ്പിലെ തെങ്ങ് മിന്നലേറ്റ് നശിച്ചു. കട്ടിലില്‍ നിന്നു തെറിച്ചുവീണ് നിസ്സാര പരിക്കേറ്റ സഫിയയെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. വീടുകള്‍ക്ക് 10000ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
മട്ടന്നൂര്‍: കനത്ത കാറ്റില്‍ ഉരുവച്ചാല്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. പഴശ്ശി സുബൈര്‍ മന്‍സിലില്‍ എ ടി ആയിഷയുടെ വീട്ടുമുറ്റത്തെ തെങ്ങ് മുറിഞ്ഞുവീണു. വീശിയടിച്ച കാറ്റില്‍ തെങ്ങ് വീട്ടിലേക്ക് വീഴാതെ പറമ്പിലേക്ക് വീണതിനാല്‍ ദുരന്തം ഒഴിവായി. റോഡരികിലെ മരം പൊട്ടിവീഴുന്ന സമയത്ത് ബൈക്ക് യാത്രികനായ പഴശ്ശിയിലെ മദ്‌റസാധ്യാപകന്‍ റസാഖ് മൗലവി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉരുവച്ചാല്‍, പഴശ്ശി, എടപ്പഴശ്ശി, കരേറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം പൊട്ടി വീണ് ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചു. രാത്രി തന്നെ കെഎസ്ഇബി ജീവനക്കാര്‍
തകരാറിലായ ലൈനുകള്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെയാണ് വൈദ്യതി പുനസ്ഥാപിക്കാനായത്. ഇന്നലെ ജീവനക്കാര്‍ 25ഓളം തകര്‍ന്ന ലൈനുകള്‍ മാറ്റിയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. കയനി, മണക്കായി മേഖലകളില്‍ വാസു, മാമി എന്നിവരുടെ റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. നാറാത്ത് ആലിങ്കീല്‍ രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിനു സമീപത്തെ കെ കെ അലീമയുടെ വീടിനുമുകളില്‍ കൂറ്റന്‍ മരം വീണ് കേടുപാട് സംഭവിച്ചു. മരം മുറിച്ചുമാറ്റാന്‍ പഞ്ചായത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്ന് വീട്ടാകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it