kannur local

കനത്ത മഴയും കാറ്റും: ജില്ലയില്‍ വ്യാപക നാശം

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെയും രാവിലെയും ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിയും മതിലുകള്‍ ഇടിഞ്ഞും പരസ്യബോര്‍ഡുകള്‍ തകര്‍ന്നും അപകടമുണ്ടായി. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിന് എതിര്‍വശത്തെ ഓഫിസേഴ്‌സ് ക്ലബിന്റെ മതിലിന് സമീപം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് നിലംപൊത്തി. രണ്ട് വാഹനങ്ങളും ലോട്ടറി സ്റ്റാളും വൈദ്യുതിത്തൂണും തകര്‍ന്നു.
വൈദ്യുതി ലൈനിന് മുകളിലേക്കാണ് ബോര്‍ഡ് വീണതെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. കൂടാളി സ്വദേശി അബ്ദുര്‍റഹ്മാന്റെ ലോട്ടറി സ്റ്റാളും, സമീപം നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയുമാണ് തകര്‍ന്നത്. ഭിന്നശേഷിക്കാരനായ അബ്ദുര്‍റഹ്മാനെ ഓടിക്കൂടിയ നാട്ടുകാര്‍ പരസ്യബോര്‍ഡിന് അടിയില്‍നിന്ന് രക്ഷപ്പെടുത്തി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.
പയ്യാമ്പലം ബര്‍ണശ്ശേരിയില്‍ കെഎസ്ഇബി ഓഫിസ് കോംപൗണ്ടിനകത്തെ കൂറ്റന്‍ തേക്കുമരം കടപുഴകി മതില്‍ തകരുകയും അതുവഴി പോവുകയായിരുന്ന കാറിന് മേല്‍ പതിക്കുകയും ചെയ്തു. കാര്‍ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടി റോഡ്, കുറുവ പാലം റോഡ് എന്നിവിടങ്ങളില്‍ മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഫയര്‍ഫോഴ്‌സെത്തി മരം വെട്ടിമാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു. പുലര്‍ച്ചെ കണ്ണൂര്‍ സിറ്റിയിലെ ഓഷ്യാനസ് അപാര്‍ട്ട്‌മെന്റിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു.
താവക്കര-താഴത്തെരു റോഡ്, കോട്ടപ്പറമ്പ്-സിറ്റി റോഡ് എന്നിവിടങ്ങളിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. നടാല്‍ ബൈപാസിന് സമീപം വൈദ്യുതിലൈന്‍ പൊട്ടിവീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെ സഹാത്തോടെ ഇവ നീക്കം ചെയ്ത് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു. കണ്ണാടിപ്പറമ്പ് മേഖലയില്‍ മരം പൊട്ടിവീണ് നിരവധി വീടുകളും വൈദ്യുതിത്തൂണുകളും തകര്‍ന്നു. പുല്ലൂപ്പി സൊസൈറ്റി ടാക്കീസ് റോഡ്, മാതോടം, കയ്യംകോട് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കയ്യംകോട് മംഗോളില്‍ നഫീസ, നസീര്‍, ഹാരിസ്, നവാസ്, റഫീഖ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വളപട്ടണം കളരിവാതുക്കലിന് സമീപം വീടിന് മുകളില്‍ മരം വീണു.
Next Story

RELATED STORIES

Share it