ernakulam local

കനത്ത മഴയില്‍ തെങ്ങുവീണു വീട് തകര്‍ന്നു; നിര്‍ധന കുടുംബം ദുരിതത്തില്‍



മരട്: കനത്ത മഴയില്‍ തെങ്ങുവീണു വീടു തകര്‍ന്നതോടെ നിര്‍ധന കുടുംബം ദുരിതത്തില്‍. ടികെഎസ് റോഡ് താഴത്തുകാട്ടില്‍ ലത ഹരിദാസും മക്കള്‍ അനയ്(ഏഴ്), അര്‍ജുന്‍ (ആറ്) എന്നിവരാണ് കണ്ണീരിലായത്. കൂലിപ്പണിക്കാരനായ ഹരിദാസ് അഞ്ചു വര്‍ഷം മുന്‍പാണു മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ തൂപ്പു പണിക്കു പോയി കിട്ടുന്ന വരുമാനത്തിലാണ് ലത കുടുംബം പോറ്റുന്നത്. തീരെ ശോച്യാവസ്ഥയിലാണ് ഇവരുടെ വീട്. ചോര്‍ന്നൊലിക്കുന്ന ഭാഗത്ത് പഴയ ഫ്‌ലക്‌സ് ഷീറ്റ് ഇട്ടിരിക്കുകയാണ്. തെങ്ങു വീണതോടെ വീടിന്റെ ഭൂരിഭാഗവും തകര്‍ന്നു. പരിക്കു പറ്റാതിരുന്ന ഒരു മുറിയിലാണ് ഇപ്പോള്‍ ലതയും മക്കളും കഴിയുന്നത്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വിധവയായ ലതയ്ക്ക് സര്‍ക്കാര്‍ സഹായത്തിന് പൂര്‍ണ അര്‍ഹതയുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെട്ടിരിക്കുന്ന സ്ഥിതിയാണെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ എം വി ഉല്ലാസ് പറഞ്ഞു. തിരിച്ചടക്കേണ്ടതില്ലാത്ത എസ്—സി ഫണ്ടില്‍ നിന്നു മൂന്നും എപിഎന്‍എവൈയില്‍ നിന്നു മൂന്നര ലക്ഷവും അനുവദിച്ചെങ്കിലും കിട്ടിയില്ല. വസ്തു സംബന്ധിച്ച് ബന്ധുക്കളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സമ്മത പത്രം നല്‍കാനാവാതിരുന്നതിനാലാണ് സര്‍ക്കാര്‍ സഹായം ലഭ്യമാകാതിരുന്നത്.   ലൈഫ് പദ്ധതിയില്‍ ഇവര്‍ക്ക് വീടിന്റെ ആനുകൂല്യം ലഭ്യമാക്കുവാനുള്ള നടപടി എടുക്കമെന്ന് സ്ഥലം സന്ദര്‍ശിച്ച എം സ്വരാജ് എംഎല്‍എ പറഞ്ഞു. സമ്മത പത്രം നല്‍കുവാന്‍ തടസം നില്‍ക്കുന്നവരുമായി സംസാരിക്കുമെന്നും എംഎല്‍എ പറഞ്ഞു. നിര്‍ധനരായ ഇവര്‍ക്കു വീട് നിര്‍മിച്ചു നല്‍കുവാന്‍ തയാറാണെന്ന് മരട് നവധാര ക്ലബ് ഭാരവാഹികളായ കൗണ്‍സിലര്‍ എം പി സുനില്‍കുമാര്‍, ടി എ സുബൈര്‍  പറഞ്ഞു.
Next Story

RELATED STORIES

Share it