Kottayam Local

കനകപ്പലം 110 കെവി സബ് സ്റ്റേഷന്‍ : ഉദ്ഘാടനം നടത്താതെയുള്ള വൈദ്യുതി വിതരണം വിവാദമായി



എരുമേലി: ഉദ്ഘാടനം നടത്താതെ കനകപ്പലം 110 കെവി സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി വിതരണം ആരംഭിച്ചത് വിവാദമായി. മൂന്നു മാസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ നേട്ടം ലഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഈ നടപടിയാണ് വിവാദമായത്. സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്‌തെന്ന മട്ടില്‍ കഴിഞ്ഞദിവസം വാര്‍ത്തകളും വന്നിരുന്നു.ഭരണകക്ഷി നേതാക്കളില്‍ നിന്നു മാത്രമല്ല മന്ത്രിയുടെ ഓഫിസില്‍ നിന്നു വരെ ഇതു സംബന്ധിച്ച് ചോദ്യമുയര്‍ന്നിരിക്കുകയാണ്. വൈദ്യുതി വിതരണം കഴിഞ്ഞ ദിവസമാണ് സബ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചത്. ഇതിനു ശേഷം പഴയതിനേക്കാള്‍ മോശമായ അവസ്ഥയിലാണ് എരുമേലിയില്‍ വൈദ്യുതി ലഭിക്കുന്നതെന്ന പരാതി വ്യാപകമാണ്. മുമ്പ് ദിവസവും വൈദ്യുതി പോയിരുന്നതിനേക്കാള്‍ ഇരട്ടി സമയമാണ് ഇപ്പോള്‍ വൈദ്യുതി ലഭിക്കാതിരിക്കുന്നത്. സബ് സ്റ്റേഷന്‍ വന്നിട്ടും നാടിന് പ്രയോജനമില്ലെന്ന് പരാതി ശക്തമാവുന്നു. ഇതിനൊപ്പമാണ് ഉന്നത മേധാവികളെ അറിയിച്ച് ഉദ്ഘാടനം നടത്താതെ കമ്മീഷന്‍ നടത്തിയെന്ന പ്രചാരണം നല്‍കി സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി വിതരണം ഉദ്യോഗസ്ഥര്‍ നടത്തിയെന്നു പരാതി ശക്തമായിരിക്കുന്നത്. കമ്മീഷനിങ് അല്ല നടത്തിയതെന്നും വൈദ്യുതി വിതരണം ചെയ്യുക മാത്രമാണ് നടത്തിയതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ ഇതിനു രേഖാമൂലമുള്ള അനുമതി ലഭിച്ചില്ലെന്നാണ് ആരോപണം. വകുപ്പ് തലത്തില്‍ നിന്ന് അനുമതി ഉത്തരവ് ഇറങ്ങും മുമ്പെ വൈദ്യുതി വിതരണം ആരംഭിച്ചതാണ് ഉദ്യോഗസ്ഥര്‍ക്കു തലവേദനയായത്. മന്ത്രിയെത്തി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് ഇനി ഉദ്ഘാടനം നടത്തിയാല്‍ തന്നെ അത് വെറും ചടങ്ങും പ്രഹസനവുമായി മാറുകയാണെന്ന് ആരോപിക്കപ്പെടുന്നു. ഇന്നു ജില്ലയില്‍ വൈദ്യുതി സമ്പൂര്‍ണ പദ്ധതിയുടെ ഭാഗമായി വകുപ്പ് മന്ത്രി എത്തുമെന്നിരിക്കേ മന്ത്രിയും സംസ്ഥാനതല ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താന്‍ കഴിയുമായിരിന്നുവെന്ന് ചൂണ്ടിക്കാണക്കപ്പെടുന്നു. ഇപ്പോഴും വൈദ്യുതി ലൈനിലെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. സബ് സ്റ്റേഷനില്‍ നിന്ന് എരുമേലിയിലേയ്ക്കു വൈദ്യുതി ലൈന്‍ കടന്നുപോവുന്ന ശ്രീനിപുരം പ്രദേശത്ത് പണികള്‍ നടക്കുകയാണ്. ഇവിടുത്തെ ലൈന്‍ വലിക്കല്‍ പൂര്‍ത്തിയാവുന്നതിനു മുന്നേയാണ് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തിയതെന്ന് പറയപ്പെടുന്നു. സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവാഹം ആരംഭിക്കുന്നതിനു മുമ്പ് എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയെന്നാണ് അധികൃതരുടെ അവകാശവാദം.എന്നാല്‍ ഇതിനു ഘടകവിരുദ്ധമാണ് ശ്രീനിപുരത്തെത്തിയാല്‍ കാണുന്നത്.സബ് സ്റ്റേഷനില്‍ നിന്ന് 750 മീറ്റര്‍ സമീപത്താണ് ശ്രീനിപുരം കോളനി. കൂടാതെ എരുമേലി ടൗണ്‍ പരിസരങ്ങളിലും നിലവിലുള്ള ഉയരം കുറഞ്ഞ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി ഉയരം കൂടിയ പോസ്റ്റുകളും ശേഷി കൂടിയ ലൈനുകളും സ്ഥാപിക്കാനായിട്ടില്ല. ഇതിനെല്ലാം മുമ്പെ സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യുതി വിതരണം ആരംഭിച്ചത് വിവാദമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it