thrissur local

കഥേതര ചിത്രത്തിനുള്ള പുരസ്‌കാരം കനലാടിക്ക്

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരത്തിന് കനലാടി തിരഞ്ഞെടുത്തു. പെരുങ്കളിയാട്ടത്തിലെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളും മുച്ചിലോട്ട് പോതി തെയ്യം കെട്ടുന്ന കോലക്കാരുടെ കഠിനമായ ഉപാസനകളും കേന്ദ്ര പ്രമേയമായ ഡോക്യുമെന്ററിയാണ് കനലാടി. മിത്തും യാഥാര്‍ഥ്യവും കൂടിക്കുഴഞ്ഞ് ഏറെ സങ്കീര്‍ണമാണ് മുച്ചിലോട്ട് പോതി തെയ്യത്തിന്റെ അനുഷ്ഠാനങ്ങള്‍.
പൊതു വേദിയില്‍ കാമത്തെക്കുറിച്ച് സംസാരിച്ചതിനു പുരുഷകേന്ദ്രീകൃതമായ അധികാര മത പൗരോഹിത്യ വ്യവസ്ഥ പടിയടച്ച് പിണ്ഡംവച്ച് നാടുകടത്തിയ കന്യക പിന്നീട് പിലിക്കോട് ദയരമംഗലത്ത് വച്ച് ആത്മഹത്യ ചെയ്തു. ഇങ്ങനെ ജീവത്യാഗം ചെയ്ത സ്ത്രീ വാണിയ കുലത്തിന്റെ തെയ്യമായതിന്റെ തെളിവുകള്‍ തോറ്റം പാട്ടുകളും മുമ്പുസ്ഥാനവും നേരിട്ട് തരുന്നില്ല. പന്തല്‍ മംഗലം മുടങ്ങിപ്പോയ കന്യകയായ മുച്ചിലോട്ട് പോതിയുടെ അനുഷ്ഠാനങ്ങളുടെ സൂക്ഷ്മ വിശകലനത്തിലൂടെ ഈ കഥാംശം കണ്ടെത്താന്‍ കഴിയും. എന്നാല്‍ കനലാടിമാര്‍ അരങ്ങില്‍ ആടിപ്പാടി അവതരിപ്പിക്കുന്നത്, മണ്ണിലും ചളിയിലും ഇറങ്ങി കഠിനാധ്വാനം ചെയ്ത നാട്ടു പെണ്ണിന്റെ ചരിതമാണ്.
രണ്ടു മിത്തുകളുടേയും വൈവിധ്യങ്ങളും സവിശേഷതകളും ഡോക്യുമെന്ററി തുറന്നു കാട്ടുന്നു. രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച പ്രാദേശീകാനുഷ്ഠനമായ തെയ്യം, അതിന് ജീവന്‍ പകരുന്ന കോലക്കാരന്‍, തെയ്യം നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം, തെയ്യത്തിനു മുകളിലുള്ള അധിനിവേശം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലൂടെ ഡോക്യുമെന്ററി സഞ്ചരിക്കുന്നു. കേരള സംഗീത നാടക അക്കാദമിയിലെ പ്രോഗ്രാം വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വി കെ അനില്‍കുമാറാണ് കനലാടി സംവിധാനം ചെയ്തത്. പതിനഞ്ച് വര്‍ഷത്തിലേറെയായി തെയ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനില്‍കുമാര്‍ തൃക്കരിപ്പൂര്‍ സ്വദേശിയാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മേലേരി, ദൈവക്കരു എന്നീ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കുമാര്‍ കുളത്തിലാണ് നിര്‍മാണം. ക്യാമറ അന്‍സൂര്‍. എഡിറ്റിങ് ഷിജു ഐഷക്ക്.
Next Story

RELATED STORIES

Share it