Azhchavattam

കഥാപാത്ര ചിത്രകാരന്‍

കഥാപാത്ര ചിത്രകാരന്‍
X
kadhapathram

എ പി വിനോദ്
സിനിമ സംവിധായകന്റെ കലയാണെങ്കിലും കഥാപാത്രങ്ങള്‍ക്കു രൂപഭംഗിയേകുന്നത് സേതു ശിവാനന്ദന്‍ എന്ന ഇരുപത്തിയേഴുകാരന്റെ വരയെ ആശ്രയിച്ചിരിക്കും. ചിത്രകല ചലനാത്മകമല്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ക്കു രൂപവും ഭാവവും നല്‍കുന്നതില്‍ വരയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നു തെളിയിക്കുകയാണ് ഈ ചിത്രകാരന്‍. കഥാകൃത്തിന്റെ എഴുത്തില്‍ നിന്നും നടന് കഥാപാത്രത്തിലേക്കുള്ള രൂപപരിണാമം വരുന്നത് സേതുവിന്റെ വരയിലൂടെയാണ്. അറുപതുകാരനായ നായകനെ നാല്‍പതിലേക്കും തൊണ്ണൂറിലേക്കും മാറ്റുന്നത് കഥയിലെ കാല്‍പനിക ഭാവങ്ങളിലുപരി ചിത്രകാരന്റെ ഭാവനയില്‍ നിന്നാണെന്ന് അറിയുന്നവര്‍ ചുരുക്കം. ചിത്രകാരന്റെ സ്‌കെച്ച് മേക്കപ്പ്മാന്റെ കൈകളിലെത്തുമ്പോള്‍ ചിത്രത്തിലെ രൂപത്തിന് ജീവന്‍ വയ്ക്കുകയാണ്. മലയാളത്തില്‍ ഈ മേഖലയിലുള്ള ഒരേയൊരാളാണ് സേതു. പട്ടണം റഷീദ്, റോണക്‌സ് സേവ്യര്‍, റോണി വെള്ളത്തൂവല്‍, അമല്‍ തുടങ്ങിയ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ കഥാപാത്രങ്ങളുടെ രൂപം നിര്‍ണയിക്കാന്‍ സേതുവിന്റെ സഹായം തേടുന്നു. 'പത്തേമാരി', 'ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി', 'രുദ്രസിംഹാസനം' എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ പിന്നി ല്‍ സേതുവിന്റെ സര്‍ഗാത്മകതയ്ക്കു പങ്കുണ്ട്.ആലപ്പുഴ കൃഷ്ണപുരം സ്വദേശിയായ സേതു ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ശേഷം ഗ്രാഫിക് വര്‍ക്കുകള്‍ ചെയ്തുകൊണ്ടാണ് കരിയര്‍ ആരംഭിക്കുന്നത്.

sethuഇതിനിടെ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത 'യുഗപുരുഷന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ സംവിധായകന്‍ സന്തോഷ് സൗപര്‍ണികയെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. പോര്‍ട്രെയ്റ്റ് വരയ്ക്കാനുള്ള സേതുവിന്റെ കഴിവ് തിരിച്ചറിഞ്ഞ സന്തോഷ് തന്റെ 'അര്‍ധനാരി' എന്ന ചിത്രത്തില്‍ അവസരം നല്‍കുകയായിരുന്നു. ഹിജഡയായി വേഷമിടുന്ന മനോജ് കെ ജയന്റെ രൂപം വരയ്ക്കാനായിരുന്നു സേതുവിനോടാവശ്യപ്പെട്ടത്. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലും അറിയപ്പെടാന്‍ തുടങ്ങി. പ്രധാനപ്പെട്ട ചിത്രങ്ങളില്‍ സേതുവിന്റെ സഹായം തേടാനും ആരംഭിച്ചു. സുരേഷ് ഗോപിയെ നായകനാക്കി ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത 'രുദ്രസിംഹാസനം' എന്ന ചിത്രമാണ് സേതുവിന്റെ ആദ്യത്തെ പ്രധാന രചന. പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ്മാന്‍. സുനില്‍ പരമേശ്വരന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രരൂപമാണിത്. ചിത്രത്തിലെ 11 കഥാപാത്രങ്ങളുടെ രൂപമാണ് സേതു തയ്യാറാക്കിയത്. എഴുത്തുകാരന്റെ സാന്നിധ്യത്തില്‍ 10 ദിവസം കൊണ്ടാണ് കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. മന്ത്രവാദം പ്രമേയമായ ചിത്രത്തില്‍ സുരേഷ് ഗോപി, നെടുമുടി വേണു, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, നിക്കി ഗല്‍റാണി എന്നിവര്‍ക്ക് വേറൊരു രൂപം നല്‍കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കിയെന്ന് സേതു പറയുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത 'ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി' എന്ന ചിത്രമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്. ഇതിലെ ഗോത്രവിഭാഗ ജനതയ്ക്ക് വ്യത്യസ്തമായ ലുക്ക് നല്‍കണമെന്ന മേക്കപ്പ്മാന്‍ റോണക്‌സ് സേവ്യറിന്റെ നിര്‍ദേശം ആനന്ദകരമായ വെല്ലുവിളിയായിരുന്നെന്ന് സേതു പറഞ്ഞു. ഇതിലെ 16 പ്രധാന കഥാപാത്രങ്ങളെയാണ് സേതു ഡിസൈന്‍ ചെയ്തത്. കൂടാതെ കുഞ്ചാക്കോ ബോബനു വേണ്ടി ടാറ്റു വര്‍ക്കും ചെയ്തു.

sethu-2സലിം അഹമ്മദ് സംവിധാനം ചെയ്ത           'പത്തേമാരി'യില്‍ മമ്മൂട്ടിയെ യുവാവായും വൃദ്ധനായും അവതരിപ്പിച്ചു. പള്ളിക്കാല്‍ നാരായണനെന്ന പ്രവാസിയെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ സേതുവിനും അത് അഭിമാനനിമിഷമായി. ചിത്രത്തില്‍ ശ്രീനിവാസന്റെ യൗവനകാലവും സേതുവാണ് ഡിസൈന്‍ ചെയ്തത്. ഇത്തവണ ദേശീയ പുരസ്‌കാരം നേടിയ സംസ്‌കൃതചിത്രം 'പ്രിയമാനസ'ത്തില്‍ കവി ഉണ്ണായി വാര്യരെ അവതരിപ്പിച്ച രാജേഷ് ഹെബ്ബാറിന്റെ രൂപവും സേതുവിന്റെ ക്രെഡിറ്റിലുള്ളതാണ്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ 'ദര്‍ബോണി' എന്ന ചിത്രമാണ് സേതുവിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഇതില്‍ വിജയരാഘവനെ എണ്‍പത്തിയെട്ടുകാരനായിട്ടാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്രകഥാപാത്രങ്ങളാവുന്ന തെലുങ്ക് ചിത്രം 'ജനത ഗാരേജി'ലും സേതുവിന് അവസരം ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ വില്ലനായെത്തുന്ന ഉണ്ണി മുകുന്ദന്റെ ലുക്കാണ് സേതു ഡിസൈന്‍ ചെയ്യുന്നത്. ജയസൂര്യ നായകനായെത്തുന്ന 'ഇടി', ആസിഫലിയുടെ 'അനുരാഗ കരിക്കിന്‍വെള്ളം', ശ്വേത മേനോന്‍ കേന്ദ്രകഥാപാത്രമാവുന്ന 'ബദല്‍' എന്നിവയാണ് സേതുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Next Story

RELATED STORIES

Share it