കഥാപാത്രങ്ങള്‍ക്കൊപ്പം വേഷമിട്ട് മയ്യഴിയുടെ കഥാകാരന്‍

കോഴിക്കോട്: മയ്യഴിയുടെ കഥാകാരന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം വേഷമിടുന്ന ബോംഴൂര്‍ മയ്യഴിയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിഖ്യാത നോവലിസ്റ്റ് എം മുകുന്ദന്റെ ഇതിഹാസ സമാനമായ മയ്യഴി കൃതികളെ ആധാരമാക്കിയാണ് ബോംഴൂര്‍ മയ്യഴി ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്.
മയ്യഴിപ്പുഴയും അറബിക്കടലും ഒന്നിക്കുന്ന അഴിമുഖത്തെ പഴയ പാതാറില്‍ തന്റെ കഥാപാത്രങ്ങളായ ദാസനെയും ചന്ദ്രികയെയും കണ്ടുമുട്ടുന്ന മുകുന്ദന്‍ അവരുമായി സംവദിക്കുന്നത് ഭാവാഭിനയത്തികവോടെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അതു മാറുന്നു. പഴംപുരാണങ്ങളും മിത്തുകളും ഇഴചേര്‍ന്നു കിടക്കുന്ന മയ്യഴിയുടെ ചരിത്രാംശമുള്ള സാമൂഹിക ജീവിതത്തിന്റെ നാള്‍വഴികള്‍ അടയാളപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആസ്വാദകരെ ഫ്രഞ്ച് വാഴ്ചക്കാലത്തേക്ക് ഈ ഷോര്‍ട്ട് ഫിലിം ആനയിക്കുന്നു. ജനിമൃതികള്‍ പേറുന്നതെന്നു വിശ്വസിക്കപ്പെടുന്ന വെള്ളിയാങ്കല്ലും ഇതിലൂടെ അഭ്രപാളിയിലെത്തും. എം മുകുന്ദന്‍ തന്നെയാണ് മുകുന്ദനായി വേഷമിടുന്നത്.
അല്‍ഫോണ്‍സച്ചനായി കെ നൗഷാദും ഗസ്‌തോന്‍ സായിവായി സുര്‍ജിത്തും ചന്ദ്രികയായി ജിന്‍സിയും രാധയായി ആതിരയും കുട നന്നാക്കുന്ന ചോയിയായി അജയ് കല്ലായിയും മാധവനായി കാര്‍ത്തിക് പ്രസാദും പോസ്റ്റ്മാനായി ആല്‍ബര്‍ട്ട് അലക്‌സും വേഷമിടുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഇ എം അഷ്‌റഫാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സഹോദരന്‍ ഇ എം ഹാഷിമാണു നിര്‍മാതാവ്.
Next Story

RELATED STORIES

Share it