thrissur local

കഥകളും കവിതകളും ഇനിയില്ല; എടക്കഴിയൂരിന്റെ ഉണ്ണിമ ഇനി ഓര്‍മ

കെ എം അക്ബര്‍

ചാവക്കാട്: അരയ്ക്കു താഴെ പൂര്‍ണമായും തളര്‍ന്നു. വലതു കൈയ്യും തളര്‍ന്നു, ഒപ്പം വളഞ്ഞിട്ടുമുണ്ടായിരുന്നു. പോളിയോ തന്റെ കൈ കാലുകളെ തളര്‍ത്തിയിട്ടും തളര്‍ന്നിരുന്നില്ല ഇന്നലെ അന്തരിച്ച ഉണ്ണിമ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉണ്ണി. വിധിയെ എഴുതി തോല്‍പ്പിച്ചു, വരച്ചു തോല്‍പ്പിച്ചു എടക്കഴിയൂരിന്റെ സ്വന്തം ഉണ്ണി.
ചാവക്കാടിനടുത്ത് എടക്കഴിയൂര്‍ ചങ്ങാടംറോഡില്‍ മത്രംകോട്ട് പരേതനായ ഷണ്‍മുഖന്റെയും തങ്കമ്മയുടെയും ഇളയ മകനായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉണ്ണി നൂറോളം കഥകള്‍ എഴുതി. അത്രയും കവിതകള്‍, നാടകളും ലളിതഗാനങ്ങളും വേറെ. കൂടാതെ ചിത്രരചനയുമുണ്ട്. തളര്‍ന്ന കൈകൊണ്ട് പേന ശരിക്കൊന്ന് പിടിക്കാന്‍ പോലും കഴിയാത്ത ഉണ്ണിയുടെ മനസ്സ് പക്ഷേ അക്ഷരങ്ങളോട് ഇഴകി ചേര്‍ന്നിരുന്നു. താനെഴുതിയ മിനികഥകള്‍ സമാഹരിച്ച് 2009 ല്‍ പുസ്തകമാക്കിയ ഉണ്ണി 2011ല്‍ ചെറുകഥ സമാഹാരവും പുറത്തിറക്കി. നിരവധി സ്ഥലങ്ങളില്‍ ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു.
മൂന്നു മാസം പ്രായമുള്ളപ്പോഴാണ് വിധി ഉണ്ണിയെ പോളിയോ രൂപത്തില്‍ തളര്‍ത്തിയത്. കുരഞ്ഞിയൂര്‍ ആര്യ ദ്രാവിഡ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. അമ്മയുടെ തോളിലിരുന്നുള്ള സ്‌കൂള്‍ യാത്ര നാലാം ക്ലാസില്‍ അവസാനിച്ചു. ഏഴാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങള്‍ പഠിച്ചെടുത്തെങ്കിലും പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള മോഹം സഫലമായില്ല.
എങ്കിലും വീട്ടിലിരുന്ന് നേടിയ അക്ഷരജ്ഞാനം വൈകല്യമില്ലാത്ത കഥകളായും കവിതകളായും പിറവിയെടുത്തു. പാലക്കാട് ചാലിശേരി സ്വദേശിനി പ്രീതയെ വിവാഹം ചെയ്ത ഉണ്ണി ട്യൂഷനെടുത്തും വീടിനടുത്തെ വില്ലേജ് ഓഫിസിനടുത്ത് അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ചുമായിരുന്നു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.
Next Story

RELATED STORIES

Share it