ernakulam local

കഥകളിയെക്കുറിച്ച് പറയാനെത്തി; ബിബിസി അവതാരകന്‍ കഥാപാത്രമായി

കൊച്ചി: കഥകളിയെക്കുറിച്ച് റിപോര്‍ട്ട് ചെയ്യാനായിരുന്നു ഹെന്റി ഗോള്‍ഡിങ് ലണ്ടനില്‍ നിന്നു കേരളത്തിലെത്തിയത്. ആവേശം മൂത്തപ്പോള്‍ ബിബിസിയുടെ അവതാരകന്‍ വേദിയില്‍ നിറഞ്ഞാടി. ബിബിസിയുടെ പ്രശസ്തമായ 'ട്രാവല്‍ ഷോ' എന്ന പരിപാടിയില്‍ കേരളത്തെക്കുറിച്ച് രണ്ടു ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ഇതിന്റെ ഷൂട്ടിങിനായി ആറു ദിവസത്തേക്ക് കേരളത്തിലെത്തിയ സംഘത്തിലെ ഗോള്‍ഡിങ് കൊച്ചിയില്‍ കഥകളി ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റേജില്‍ കയറിയത്. ബിബിസി സംഘത്തിനുവേണ്ടി നരകാസുരവധമായിരുന്നു അപ്പോള്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നത്. ഷൂട്ടിങിനിടെ ആവേശം മൂത്ത ഗോള്‍ഡിംഗ് പരിപാടിയുടെ സംഘാടകരായ സീ ഇന്ത്യ ഫൗണ്ടേഷന്റെ പി കെ ദേവനോടാണ് തനിക്ക് വേദിയില്‍ കയറാമോ എന്നു ചോദിച്ചത്. അപ്പോള്‍ വേദിയിലുണ്ടായിരുന്ന ജയന്ത, ലളിത എന്നിവരുടെ അതേ ചുവടുകളും മുദ്രകളും ഗോള്‍ഡിംഗ് അവതരിപ്പിക്കുകയും അതൊക്കെ ബിബിസി ടീം ചിത്രീകരിക്കുകയും ചെയ്തു.
ഈ ശാസ്ത്രീയ കലാരൂപത്തെ ഗോള്‍ഡിംഗ് കൂടുതല്‍ ജനകീയമാക്കുകയാണു ചെയ്തതെന്ന് കഥകളിയുടെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ദേവന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ചാള്‍സ് രാജകുമാരനും പത്‌നി കാമിലയും കഥകളി ആസ്വദിക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. കേരളത്തിലെത്താന്‍ താന്‍ ഇത്ര വൈകിയതെന്താണെന്നെന്ന് അറിയില്ലെന്ന് ഗോള്‍ഡിങ് പറഞ്ഞു. അവിശ്വസനീയ സൗന്ദര്യമാണ് ഈ പ്രദേശത്തിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെനിയയില്‍ ആനകള്‍ക്കൊപ്പം ജീവിക്കുകയും ഫിലിപ്പീന്‍സിലെ ഭൂകമ്പാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിലൊരിക്കലും കഥകളി വേഷമിടാനാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് ഇതിനു ശേഷം ഗോള്‍ഡിങ് പറഞ്ഞത്. കേരളത്തിന്റെ പ്രകൃതിഭംഗിയും സമ്പന്നമായ സംസ്‌കാരവും ബിബിസി പരിപാടിയിലൂടെ ലോകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ജി കമലവര്‍ധന റാവു പറഞ്ഞു. റാവുവാണ് ലണ്ടനില്‍ നടന്ന ഒരു ടൂറിസം റോഡ് ഷോയ്ക്കിടെ ബിബിസി സംഘത്തെ കേരളത്തിലേക്കു ക്ഷണിച്ചത്.
രണ്ടു ഭാഗങ്ങളായാണ് കേരളത്തെക്കുറിച്ചുള്ള ട്രാവല്‍ ഷോ ബിബിസി സംപ്രേഷണം ചെയ്യുന്നത്. കഥകളിയെക്കുറിച്ചുള്ള ആദ്യ ഷോ രണ്ടാഴ്ചയ്ക്കകവും കായലുകളെക്കുറിച്ചും തെങ്ങുകയറ്റത്തെക്കുറിച്ചുമുള്ള രണ്ടാംഭാഗം ഫെബ്രുവരിയിലുമാണു പ്രേക്ഷകരിലെത്തുക.
Next Story

RELATED STORIES

Share it