കത്ത് നാല് പേജായി ചുരുങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് സരിത; ജയിലില്‍ വച്ച് മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചു

കൊച്ചി: അട്ടക്കുളങ്ങര ജയിലിലായിരിക്കെ ദൂതന്‍മാര്‍ മുഖേന മുഖ്യമന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സരിതാ എസ് നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. പോലിസ് കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ 30 പേജുള്ള  കത്ത് കോടതിയില്‍ ഹാജരാക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എംഎല്‍എ, മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി എന്നിവര്‍ തന്റെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് കൊടുത്ത പണം തിരിച്ചുതരാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇവരുടെ വാക്ക് വിശ്വസിച്ചാണ് 30 പേജുള്ള കത്തിനു പകരം നാല് പേജുള്ള പുതിയ കത്തെഴുതി കോടതിയില്‍ നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കാമെന്ന വാക്കു പാലിച്ചില്ലെന്നും സരിത സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരേ ആരോപണങ്ങള്‍ വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും സ്ഥിരമായി പറഞ്ഞു തന്നിരുന്നു. അതുകൊണ്ടാണ് ഇതുവരെ താന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ഇവരുടെ ഇടപെടലുകള്‍ വ്യക്തമാക്കുന്ന ഒട്ടേറെ സാക്ഷികളെയും രേഖകളും കമ്മീഷന് മുമ്പാകെ ഹാജരാക്കുവാന്‍ സാധിക്കുമെന്നും സരിത പറഞ്ഞു. ജയിലില്‍ കഴിയവെ എന്നെ കാണാന്‍ അമ്മയും ഗണേഷ്‌കുമാറിന്റെ പി എ ആയ പ്രദീപ്കുമാറും വന്നു. ഏകദേശം 40 മിനിറ്റോളം പ്രദീപ്കുമാറുമായും അമ്മയുമായും സംസാരിച്ച ശേഷമാണ് വസ്തുതകള്‍ ഒഴിവാക്കി നാല് പേജുള്ള പരാതി മാത്രമായി എഴുതി എറണാകുളം എസിജെഎമ്മിന് സമര്‍പ്പിച്ചതെന്നും സരിത പറഞ്ഞു.മുഖ്യമന്ത്രിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവിടെ വച്ച് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്നതായതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സരിത കമ്മീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നേരില്‍ കണ്ടതിന് ശേഷമാണ് പി എ ടെനി ജോപ്പനെ പരിചയപ്പെടുന്നത്. ജിക്കുമോന്‍ മുഖാന്തിരമാണ് മുഖ്യമന്ത്രിക്ക് പണം നല്‍കിയത്. തന്റെ അറസ്റ്റിന് ശേഷമാണ് ടീംസോളാര്‍ കമ്പനിയെക്കുറിച്ച് അറിയുന്നതെന്ന്് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി പച്ചക്കള്ളമാണെന്നും സരിത പറഞ്ഞു. പാലായില്‍ കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത ജലനിധി പരിപാടിയില്‍ അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് പോയത്. വേദിക്ക് മുന്നില്‍ നിന്നിരുന്ന തന്നെ മുഖ്യമന്ത്രി കൈകാട്ടി വിളിച്ചപ്പോഴാണ് വേദിയിലേക്കു ചെന്ന് അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് സംസാരിച്ചത്. സ്പീക്കറിന്റെ ശബ്ദം കാരണം മുഖ്യമന്ത്രിക്ക് താന്‍ പറയുന്നത് വ്യക്തമായില്ല. അപ്പോഴാണ് അദ്ദേഹത്തിന്റെ ചെവിയോടടുത്ത് ചേര്‍ന്ന് സംസാരിച്ചതെന്നും മുഖ്യമന്ത്രിയുടെ ചെവിയില്‍ രഹസ്യം പറയുന്ന മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തെത്തുറിച്ചുള്ള കമ്മീഷന്റെ ചോദ്യത്തിന് മറുപടിയായി സരിത പറഞ്ഞു.
Next Story

RELATED STORIES

Share it