കത്ത് തയ്യാറാക്കിയത് മുഖ്യമന്ത്രിക്ക് പണം നല്‍കിയ വിവരം ഉള്‍പ്പെടുത്തിയെന്ന് സരിത

കൊച്ചി: മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം കൂടി ഉള്‍പ്പെടുത്തിയാണ് പത്തനംതിട്ട ജയിലില്‍ വച്ച് താന്‍ കത്ത് തയ്യാറാക്കിയിരുന്നതെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ കുഞ്ഞുങ്ങളെ കരുതിയാണ് താന്‍ കത്ത് പുറത്തുവിടാത്തത്. അന്ന് തയ്യാറാക്കിയ കത്തില്‍ പണം മാത്രമല്ല വിഷയം അതുകൊണ്ട് അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സ്വമേധയ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ മാത്രമെ വെളിപ്പെടുത്തൂ. മുഖ്യമന്ത്രിക്കെതിരേയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേയും താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെയോ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളെയോ സഹായിക്കാനല്ല. താന്‍ തട്ടിപ്പുകാരിയാണെന്ന രീതിയില്‍ സമൂഹത്തിന്റെ മുന്നില്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്നെ തെരുവ് വേശ്യയെന്ന നിലയില്‍ ചവിട്ടി ചതയ്ക്കുന്നത് കണ്ടപ്പോള്‍ ഒരു സ്ത്രീയെന്ന നിലയിലാണ് താന്‍ ഇത് പറയുന്നത്. ഇതുകൊണ്ട് തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമില്ല. താന്‍ അനുഭവിച്ച കാര്യങ്ങളുടെ 15 ശതമാനത്തോളം മാത്രമെ കമ്മീഷന്‍ മുമ്പാകെ പറഞ്ഞിട്ടുള്ളൂ. കോണ്‍ഗ്രസ്സുകാരെ സംരക്ഷിക്കാന്‍ ഇനിയും മുന്നില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും സരിത പറഞ്ഞു.
പണം കൊടുക്കുന്നതിനു മുമ്പ് ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ട് എല്ലാം ഓകെ പറഞ്ഞിട്ടാണ് തോമസ് കുരുവിള വഴി നല്‍കിയത്. താന്‍ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പണമിടപാടു മാത്രമെ തനിക്ക് അറിയാവു. ബിജു രാധാകൃഷ്ണന്‍ കൊടുത്തതിന്റെ വിവരം തനിക്ക് നേരിട്ടറിയില്ല. പക്ഷേ, ബിജു രാധാകൃഷ്ണന്‍ പറഞ്ഞതും കൂടി കണക്കിലെടുത്താല്‍ ഏകദേശം 5.5 കോടി രൂപയോളം വരും. യഥാര്‍ഥത്തില്‍ തന്റെ പണമോ ബിജു രാധാകൃഷ്ണന്റെ പണമോ അല്ല അത് കമ്പനിയുടെ പേരില്‍ തങ്ങള്‍ ആളുകളുടെ പക്കല്‍ നിന്നും വാങ്ങിയ പണമാണ്. ഒരു കോടി 90 ലക്ഷം രൂപ തന്റെ നേരിട്ടുള്ള അറിവില്‍ താന്‍ ഇടപെട്ട് തോമസ് കുരുവിള മുഖാന്തരം മുഖ്യമന്ത്രിക്ക് നല്‍കിയതാണ്.
ടെനി ജോപ്പന് പദ്ധതിയെപ്പറ്റിയോ പണമിടപാടുകളെപ്പറ്റിയോ അറിയില്ല. ഞങ്ങള്‍ തമ്മില്‍ ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കുടുംബപ്രശ്‌നത്തില്‍ കുറേ കാര്യങ്ങളില്‍ വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ താന്‍ പ്രതിയല്ല. നുണപരിശോധനയില്‍ നിന്നും ഓടിയൊളിക്കാന്‍ താന്‍ തയ്യാറല്ലെന്നും സരിത പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന സ്വകാര്യ ഫോണില്‍ വിളിക്കാനുള്ള അവസരം തനിക്കുണ്ടായിരുന്നു. താന്‍ നിരവധി തവണ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും കോള്‍ ലിസ്റ്റ് നോക്കിയാല്‍ വ്യക്തമാകുമെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it