Kerala

കത്ത് തന്റേതല്ലെന്ന് ചെന്നിത്തല; ആധികാരികത അറിയാതെ പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ പേരില്‍ ആരു കത്തുണ്ടാക്കിയെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചുവെന്ന് ഇക്കണോമിക്‌സ് ടൈംസ് ദിനപത്രമാണ് റിപോര്‍ട്ട് ചെയ്തത്. സാധാരണ ഗതിയില്‍ താന്‍ ലെറ്റര്‍ പാഡില്‍ മാത്രമെ പാര്‍ട്ടി കാര്യങ്ങള്‍ എഴുതി അറിയിക്കാറുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഈ കത്ത് സാധാരണ വെള്ളക്കടലാസിലാണ് എഴുതിയിരിക്കുന്നത്. കത്ത് തന്റേതല്ലെന്ന് സ്ഥാപിക്കാന്‍ മൂന്ന് കാര്യങ്ങളാണ് ചെന്നിത്തല പറയുന്നത്. സാധാരണ ഗതിയില്‍ താന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തെഴുതുമ്പോള്‍ റെസ്‌പെക്റ്റഡ് മാഡം എന്ന് അഭിസംബോധന ചെയ്യാറുണ്ട്. ഈ കത്തില്‍ അതില്ല. കത്തുകളില്‍ ഇടയ്ക്കിടെ ഹോണറബിള്‍ സിപി(കോണ്‍ഗ്രസ് പ്രസിഡന്റ്) എന്ന് താന്‍ പ്രയോഗിക്കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ ഈ പ്രയോഗമില്ല. സാധാരണ താന്‍ പേരെഴുതി ഒപ്പിടുമ്പോള്‍ രമേശ് ചെന്നിത്തലയിലെ ഞഇ മാത്രമാണ് വലിയ അക്ഷരങ്ങളില്‍ എഴുതാറുള്ളത്. ഈ കത്തിലെ ഒപ്പ് അത്തരത്തിലല്ല. എല്ലാ അക്ഷരങ്ങളും വലിയ അക്ഷരങ്ങളാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, ആദ്യം കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികരിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പിന്നീട് കത്തിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചു.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് കത്തിനെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും കത്തിന്റെ ആധികാരികത അറിയാതെ പ്രതികരിക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി രണ്ട് ദിവസമായി 15 മണിക്കൂറാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. എല്ലാവര്‍ക്കും അവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടായിരുന്നു. അവിടെ പറഞ്ഞ തരത്തിലുള്ള കാര്യങ്ങളല്ല ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കത്തിനെ സംബന്ധിച്ച് വ്യക്തത വരേണ്ടത് ആവശ്യമാണ്. കത്തിന്റെ ആധികാരികത മനസ്സിലാക്കിയിട്ട് മാത്രമേ പ്രതികരിക്കുന്നുള്ളൂ. ചെന്നിത്തലയുടെ പേരിലുള്ള കത്താണെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. കത്തിന്റെ വിശദാംശങ്ങള്‍ അറിയാതെ അതെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചെന്ന് പറയപ്പെടുന്ന കത്തുമായി യാത്രയ്ക്ക് ബന്ധമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it